കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ സിനിമാ സംവിധായിക ആയിഷ സുല്‍ത്താനെയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ട് ഒരുവര്‍ഷമാകുന്നു. ലക്ഷദ്വീപ് പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. ആയിഷയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും തിരികെ നല്‍കിയതുമില്ല.

To advertise here,

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച് സുപ്രീംകോടതി കഴിഞ്ഞമാസം ഉത്തരവിട്ടപ്പോള്‍ നേരത്തേയെടുത്ത കേസുകളില്‍ അന്വേഷണം തുടരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിചേര്‍ത്തവര്‍ക്ക് വിടുതലിനായി കോടതികളെ സമീപിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു. ഈ ഉത്തരവ് വന്നിട്ടും ഫോണ്‍ തിരികെ നല്‍കിയില്ല. കേസില്‍ നിന്നുള്ള വിടുതലിനും മൊബൈല്‍ ഫോണും ലാപ്ടോപ്പും തിരികെ ലഭിക്കാനും നിയമയുദ്ധത്തിനൊരുങ്ങുകയാണെന്ന് ആയിഷ സുല്‍ത്താന പറഞ്ഞു.

2021 ജൂണില്‍ ചാനല്‍ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപ് ജനതയ്‌ക്കെതിരേ 'ജൈവായുധം' പ്രയോഗിക്കുന്നു എന്നാരോപിച്ചതിനാണ് ആയിഷയ്‌ക്കെതിരേ ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കൊച്ചിയില്‍ താമസിച്ചിരുന്ന ആയിഷയ്ക്ക് നോട്ടീസ് നല്‍കി കവരത്തിയിലെത്തിച്ച് രണ്ടുദിവസങ്ങളിലായി ചോദ്യം ചെയ്തു.

ഹൈക്കോടതിയെ സമീപിച്ച ആയിഷയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ലക്ഷദ്വീപ് പോലീസ് പിടിച്ചെടുത്തത്. ഇതിനുശേഷം അപ്രതീക്ഷിതമായി കൊച്ചിയിലെത്തിയ ലക്ഷദ്വീപ് പോലീസ് ആയിഷയുടെ വസതിയില്‍ പരിശോധന നടത്തി ലാപ്ടോപ്പും പിടിച്ചെടുത്തു.

അന്വേഷണം തുടരുകയാണെന്ന റിപ്പോര്‍ട്ടാണ് ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. എന്നാല്‍, ഇതുസംബന്ധിച്ച് പിന്നീടൊരന്വേഷണവും നടന്നിട്ടുമില്ല. മൊബൈല്‍ ഫോണും ലാപ് ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയോ എന്നതിലും വ്യക്തതയില്ല.