സിന്ധുദുർഗ്: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീൽ അറസ്റ്റിൽ. വെളള്ളിയാഴ്ച പുലർച്ചെയോടെ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സിന്ധുദുർഗ് പോലീസിന് കൈമാറി.

To advertise here,

പദ്ധതിയുടെ സ്ട്രക്ചറൽ കൺസൾട്ടന്റ് താനല്ലെന്ന് പട്ടീൽ പറഞ്ഞതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. പ്രതിമ സ്ഥാപിക്കുന്ന പ്ലാറ്റ്ഫോം സംബന്ധിച്ച ജോലിചെയ്യാൻ മാത്രമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. പ്രതിമ സ്ഥാപിച്ച പ്ലാറ്റ്ഫോമിന്റെ മാതൃക പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) വഴി ഇന്ത്യൻ നാവികസേനയ്ക്ക് സമർപ്പിച്ചിരുന്നുവെന്നും എന്നാൽ, പ്രതിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ചേതൻ പട്ടീൽ പ്രതികരിച്ചു. താനെ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് പ്രതിമയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തത്.

സിന്ധുദുർഗ് ജില്ലയിൽ മൽവാനിലെരാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ചിരുന്ന ഛത്രപതി ശിവജിയുടെ പ്രതിമയാണ് തകർന്നുവീണത്. കഴിഞ്ഞവർഷം ഡിസംബറിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. തുടർന്ന് പിറകോട്ടു മറിഞ്ഞുവീണ പ്രതിമ കഷണങ്ങളായി ചിതറി.

അനാച്ഛാദനംചെയ്ത് ഏകദേശം ഒമ്പത് മാസത്തിന് ശേഷമാണ് പ്രതിമ തകർന്നത്. ഇന്ത്യൻ നാവികസേനയാണ് പ്രതിമ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ പറഞ്ഞിരുന്നു. പ്രതിമ തകർന്നതിനെത്തുടർന്ന് ഇന്ത്യൻ നാവികസേന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.