മുംബൈ: ശിവസേന എന്‍.ഡി.എ മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. ബിജെപിയും ശിവസേനയും അധികാരം പങ്കിടാനുള്ള സൂത്രവാക്യവും അദ്ദേഹം ഉപദേശിച്ചു.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഒരു വര്‍ഷം കൂടി മുഖ്യമന്ത്രി പദവിയിലിരിക്കണം. അവശേഷിക്കുന്ന മൂന്ന് വര്‍ഷം ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്നും അത്താവലയുടെ ഉപദേശിക്കുന്നു. ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ ശരത്പവാറും എന്‍സിപിയും എന്‍ഡിഎയില്‍ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ശിവസേന ബിജെപിയുമായി കൈകോര്‍ക്കണം. ശിവസേന ഞങ്ങള്‍ക്കൊപ്പം കൂടുന്നില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി ഞാന്‍ ശരത് പവാറിനോട് എന്‍ഡിഎയില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഭാവിയില്‍ അദ്ദേഹത്തിന് വലിയ സ്ഥാനങ്ങള്‍ ലഭിച്ചേക്കാം. ശിവസേനയ്‌ക്കൊപ്പം കൂടിയതുകൊണ്ട് ഒരു ഗുണവുമില്ല', അത്താവലെ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ശിവസേന നേതാവ് സഞ്ജയ് റാവത്തും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുംബൈയിലെ ഒരു ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിക്കവെയാണ് അത്താവലെയുടെ പ്രതികരണം. എന്നാല്‍ തങ്ങളുടെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് വേണ്ടി അഭിമുഖത്തിനായാണ് ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സഞ്ജയ് റാവത്തിന്റെ വിശദീകരണം.

Content Highlights: Shiv Sena should join hands with BJP again-Ramdas Athawale