ന്യൂഡൽഹി: ഭാവി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി ബി.ജെ.പി. വിട്ട മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പാർട്ടി നേതൃത്വത്തിൽനിന്ന് നീക്കംചെയ്യുകയാണെങ്കിൽ മാത്രമേ കോൺഗ്രസിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

To advertise here,

‘ഒരു നിബന്ധനയോടെ ഞാൻ കോൺഗ്രസിൽ ചേരാം; സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെ പുറത്താക്കുക. നെഹ്‌റുവിന്റെ നടപടികൾക്ക് മാപ്പ് പറയുക’, കോൺഗ്രസിലേക്കുള്ള തന്റെ തിരിച്ചുവരവിനുള്ള സാധ്യത തള്ളിക്കളഞ്ഞുകൊണ്ട് പൂനവാല പറഞ്ഞു. ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ പാർട്ടിയുടെ ദേശീയ വക്താവായി സേവനമനുഷ്ഠിച്ചതിനുശേഷം, ഞാൻ മറ്റേതെങ്കിലും പാർട്ടിയിൽ ഒതുങ്ങുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഭാരതം കണ്ട ഏറ്റവുംവലിയ നേതാവാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹത്തിന് മുകളിൽ മറ്റൊരു നേതാവ് രാജ്യത്തുണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും പൂനവാല അഭിപ്രായപ്പെട്ടു. നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ച പാർട്ടി ബി.ജെ.പിയാണ്. കടുത്ത സാമ്പത്തിക ബാധ്യതകളും വ്യക്തിപരമായ കാരണങ്ങളുമാണ് ബി.ജെ.പി. വിടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽനിന്നാണ് താൻ വരുന്നതെന്നും നിലവിലെ ചുമതലയിൽനിന്ന് വരുമാനം ലഭിക്കാത്തതിനാൽ ജീവിതച്ചെലവ് കണ്ടെത്താൻ പുതിയ വഴികൾ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യോ മറ്റ് രാഷ്ട്രീയ പാർട്ടികളോ വക്താക്കൾക്ക് ശമ്പളം നൽകാറില്ലെന്ന് പൂനവാല ചൂണ്ടിക്കാട്ടി. ‘എനിക്ക് വാടക നൽകേണ്ടതുണ്ട്. ഞാൻ ബി.ജെ.പി.ക്കാരനായതുകൊണ്ട് വീട്ടുടമസ്ഥൻ വാടക ഒഴിവാക്കിത്തരില്ല’, പൂനവാല പറഞ്ഞു. രാഷ്ട്രീയത്തിൽനിന്ന് തനിക്ക് വരുമാനമില്ലെന്നും വലിയ രാഷ്ട്രീയ പാരന്പര്യമില്ലെന്നും വ്യക്തമാക്കാൻ ‘നേതാവുമല്ല മകനുമല്ല’ എന്ന പ്രയോഗവും അദ്ദേഹം നടത്തി.

പാർട്ടി വിടുകയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെയും ബി.ജെ.പി.യുടെ പ്രവർത്തനങ്ങളെയും തുടർന്നും പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ‘സംവിധാനത്തിൽനിന്ന് മാത്രമാണ് ഞാൻ പുറത്തുപോകുന്നത്; വ്യക്തികളെയോ ആശയത്തെയോ ഉപേക്ഷിക്കുന്നില്ല’, പൂനവാല വ്യക്തമാക്കി. ഇനി സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും ഷെഹ്‌സാദ് പൂനവാല രാജിവെച്ചിരുന്നു. തിങ്കളാഴ്ച പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്.

പൂനവാല ബി.ജെ.പി. വിടുന്നതായി കഴിഞ്ഞമാസം അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ജൂലായിൽ രാജിക്കത്ത് നൽകിയെങ്കിലും പാർട്ടി നേതൃത്വം സ്വീകരിച്ചിരുന്നില്ല. എന്നാൽ, ഏറെ ആലോചനകൾക്ക് ശേഷം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായിരുന്ന പൂനവാല 2017-ലാണ് ബി.ജെ.പി.യിൽ ചേർന്നത്.