ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവിന്റെ പ്രവചനത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് ശശി തരൂർ. 

To advertise here,

'അത്ഭുതകരം, യോഗേന്ദ്ര യാദവ് തന്റെ മുൻ പ്രവചനങ്ങൾ തിരുത്തി ബിജെപിക്ക് 272 സീറ്റുപോലും ഒറ്റക്ക് നേടാനാകില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി 250-ലേക്ക് താഴുമെന്നും ഭരണവിരുദ്ധ വികാരം ശക്തമായാൽ അത് 230 സീറ്റുകളിലേക്ക് എത്തുമെന്നും അദ്ദേഹം കരൺ ഥാപറിനോടു പറയുന്നു. 35-40 സീറ്റിൽ ബി.ജെ.പി ഇതര എന്‍.ഡി.എ പാർട്ടികൾ ഒതുങ്ങുമെന്നാണ് യാദവ് പ്രതീക്ഷിക്കുന്നത്. ഇതിനർഥം ബിജെപി 230-ലേക്ക് താഴ്ന്നാൽ, എൻഡിഎയുടെ പിന്തുണയുണ്ടെങ്കിൽ പോലും കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്താൻ ബിജെപിക്ക് കഴിയില്ലാ എന്നാണ്. രസകരമായ നിമിഷമാണ് മുന്നിലുള്ളത്'!, തരൂർ എക്സിൽ കുറിച്ചു. 260 മുതൽ 270 സീറ്റുകൾ വരെയേ എൻഡിഎക്ക് ലഭിക്കൂവെന്നും കേവല ഭൂരിപക്ഷമായ 272-ന് താഴെയാവും ഇതെന്നും ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു. 

തരൂരിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ മറുപടിയുമായി യോഗേന്ദ്ര യാദവും രം​ഗത്തെത്തി. 'ഞാൻ കരൺ ഥാപറിനോട് പറഞ്ഞത് കേട്ടതിന് നന്ദി. യഥാർഥത്തിൽ ഞാൻ ഒന്നും തിരുത്തിയിട്ടില്ല. ബിജെപി പരമാവധി 250 സീറ്റുകൾ വരേയോ ചിലപ്പോൾ 230-ന് താഴെ പോകുകയോ ചെയ്യുമെന്നാണ് എപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാൽ എന്റെ ഇപ്പോഴത്തെ പ്രവചനം പ്രശാന്ത് കിഷോറിന്റെ കണ്ണിലൂടെ കണ്ടതിനാൽ പല സുഹൃത്തുക്കളിലും ആശയക്കുഴപ്പം ഉണ്ടാക്കി. എൻഡിഎ സഖ്യത്തിന്റെ പകുതിയോളം സീറ്റുകൾ (20) ഉള്ള ടിഡിപി പോലുള്ള കക്ഷികൾ തിരഞ്ഞെടുപ്പിന് ശേഷം മുന്നണിയോടൊപ്പം ഉണ്ടാകുമോ എന്ന കാര്യം മറക്കരുത്. തീർച്ചയായും രസകരമായ നിമിഷങ്ങൾ'!, യാദവ് എക്സിൽ കുറിച്ചു. 

ബി.ജെ.പി. പരമാവധി 260 സീറ്റുകള്‍ വരെനേടാമെന്നായിരുന്നു യോഗേന്ദ്ര യാദവിന്റെ ഒടുവിലത്തെ പ്രവചനം. 240 സീറ്റുകളാണ് യാദവ് തന്റെ അന്തിമവിലയിരുത്തലില്‍ ബി.ജെ.പിക്ക് പ്രവചിക്കുന്ന കുറഞ്ഞ സീറ്റുകള്‍. ബി.ജെ.പിയെ കൂടാതെ എന്‍.ഡി.എ. മുന്നണിക്ക് 35 മുതല്‍ 45 വരെ സീറ്റുകള്‍ ലഭിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. 85 മുതല്‍ 100 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യ സഖ്യത്തിന് കോണ്‍ഗ്രസിനെ കൂടാതെ 120 സീറ്റുമുതല്‍ 135 സീറ്റുകള്‍ വരെ ലഭിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം.

അതേസമയം, യാദവിന്റെ വിലയിരുത്തല്‍ പങ്കുവെച്ച് തന്റെ മുന്‍ പ്രവചനങ്ങളെ ന്യായീകരിച്ച് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. 'യോഗേന്ദ്ര യാദവിന്റെ കണക്കുകള്‍ പ്രകാരം 275 മുതല്‍ 305 സീറ്റുകള്‍ വരെ എന്‍.ഡി.എക്ക് ലഭിക്കും. രാജ്യത്ത് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ 272 സീറ്റുകളാണ് ആവശ്യം. നിലവില്‍ ബി.ജെ.പിക്ക് 303 സീറ്റുകളും എന്‍.ഡി.എയ്ക്ക് 323 സീറ്റുകളുമുണ്ട്. ശിവസേന കഴിഞ്ഞ തവണ എന്‍.ഡി.എയുടെ ഭാഗമായി 18 സീറ്റ് നേടി. ഇപ്പോള്‍ സഖ്യത്തിനൊപ്പമില്ല. ഇനി ആരാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് വിലയിരുത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിലവിലെ സ്ഥിതി ആവര്‍ത്തിക്കുമെന്നും ബി.ജെ.പി- എന്‍.ഡി.എ. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രശാന്ത് കിഷോറിന്റെ പ്രവചനം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.