ന്യൂഡല്‍ഹി: രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങില്‍ മോദി നടത്തിയ പ്രസംഗത്തെ പുകഴ്ത്തി പോസ്റ്റിട്ടതിന് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം എക്‌സില്‍ പങ്കുവെച്ചാണ് തരൂര്‍ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

To advertise here,

പ്രത്യയശാസ്ത്ര വിശുദ്ധി ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കില്ലെന്നും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലാണെങ്കില്‍പോലും കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണെന്നും ഈ വീഡിയോയില്‍ തരൂര്‍ പറയുന്നു.

'പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം സഹകരിക്കാന്‍ നമ്മള്‍ ചിലപ്പോഴൊക്കെ തയ്യാറാകേണ്ടതുണ്ട്. എല്ലാവരും പ്രത്യയശാസ്ത്രപരമായി ഒരു ശുദ്ധവാദിയായിരിക്കണമെന്നാണ് നമ്മുടെ രാഷ്ട്രീയം ഇപ്പോള്‍ ആവശ്യപ്പെടുന്നത്, അതാണ് പ്രശ്‌നം. അങ്ങനെവന്നാല്‍ നമുക്ക് മറുവശത്ത് ഒരു ഗുണവും കാണാനോ മറുവശത്തുള്ള ആരോടും സംസാരിക്കാനോ കഴിയില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചുള്ള എന്റെ ഒരു നിഷ്പക്ഷ പോസ്റ്റ് പോലും പ്രധാനമന്ത്രിയെ പ്രശംസിക്കുന്നതായി ദുര്‍വ്യാഖ്യാനം ചെയ്ത് ആക്രമിക്കപ്പെട്ടു. ഞാന്‍ ഒരു വാക്കുപോലും പ്രശംസിച്ചില്ല. ഞാന്‍ പ്രസംഗത്തെ വിവരിച്ചു എന്നുമാത്രം. ഇപ്പോള്‍ നമ്മുടെ രാജ്യത്തെ അന്തരീക്ഷം അതാണ്', തരൂര്‍ പറയുന്നു.

'ആളുകള്‍ക്ക് പ്രത്യയശാസ്ത്രപരമായ വിശുദ്ധിയില്‍ മാത്രമേ താത്പര്യമുള്ളൂ. പക്ഷേ, നിങ്ങള്‍ക്ക് കാര്യങ്ങള്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ സംസ്ഥാനത്ത് നിങ്ങള്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയിച്ചു. നിങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നു. നിങ്ങളുടെ സംസ്ഥാനം കേന്ദ്രത്തിലെ ആളുകളുമായി സഹകരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എങ്ങനെ കാര്യങ്ങള്‍ ചെയ്യും', തരൂര്‍ ചോദിക്കുന്നു.

'എനിക്ക് ഭരണകക്ഷിയുമായി വിയോജിപ്പുണ്ട്, പക്ഷേ അവര്‍ ഭരണകക്ഷിയാണ്. അവര്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ട്. ഞാന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന് പണം നല്‍കുന്ന ഒരു പദ്ധതി അവര്‍ കൊണ്ടുവന്നാല്‍, എന്റെ ബോധ്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഞാന്‍ അതിനെക്കുറിച്ച് ചര്‍ച്ചചെയ്യും, അങ്ങനെ എനിക്ക് എന്റെ സംസ്ഥാനത്തിനായി പണം എടുക്കാന്‍ കഴിയും... അത്തരം സഹകരണം അത്യാവശ്യമാണ്', തരൂര്‍ വ്യക്തമാക്കി.

രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിലെ മോദിയുടെ പ്രസംഗത്തെക്കുറിച്ചുള്ള തരൂരിന്റെ പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങില്‍ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് സംസാരിച്ചെന്നും തരൂര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി വാദിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുപിന്നാലെ തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തിയിരുന്നു. തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിളിച്ച സന്ദീപ്, എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും ചോദിച്ചു. തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ചതിനാണ് സന്ദീപ്, തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിശേഷിപ്പിച്ചത്.

''രാജ്യത്തേക്കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരേ നില്‍ക്കുന്ന ആരെങ്കിലും രാജ്യത്തിനുവേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?', ദീക്ഷിത് ചോദിച്ചു.