
ലഡാക്ക്: ഷക്‌സ്ഗാം താഴ്വരയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുള്ള ചൈനയുടെ ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത. ഈ പ്രദേശം ഇന്ത്യയുടെ ഭാഗമാണെന്നും അത്തരം പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും പാകിസ്താൻ ഉടൻ തകരുമെന്നും ഗുപ്ത അവകാശപ്പെട്ടു.
1963-ലെ ചൈന-പാകിസ്താൻ അതിർത്തി കരാർ പ്രകാരം, പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ 5,180 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂപ്രദേശമായ ഷക്‌സ്ഗാം താഴ്വര ചൈനക്ക് കൈമാറിയിരുന്നു. ഈ പ്രദേശത്ത് തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും ഇത് ഇന്ത്യൻ ഭൂപ്രദേശമാണെന്നും ഇന്ത്യ അറിയിച്ചു. ഇതിന് മറുപടിയായി, ഈ പ്രദേശം ചൈനയുടെ ഭാഗമാണെന്ന് അവർ അവകാശപ്പെട്ടു.
എന്നാൽ, ഈ പ്രദേശത്തെ ചൈനയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും അത് അംഗീകരിക്കാൻ ആവില്ലെന്നും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു. 'പാകിസ്താൻ അനധികൃതമായി കശ്മീരിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി എന്ന കാര്യവും, ഇന്ത്യൻ പാർലമെന്റ് 1994-ൽ ഇതിനെക്കുറിച്ച് ഒരു പ്രമേയം പാസാക്കി എന്ന കാര്യവും ചൈന മനസിലാക്കണം. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യക്ക് അനുകൂലമായ ഒരു അന്തരീക്ഷം രൂപപ്പെട്ടുവരുന്നുണ്ട്. അവിടുത്തെ ജനങ്ങൾ ഇന്ത്യയോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. പാകിസ്താൻ തകർന്നടിയുന്ന ദിവസം വിദൂരമല്ല. അതിനാൽ, ചൈന ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃതപ്രവർത്തനങ്ങൾ നിർത്തിവെക്കണം.' ഗുപ്ത പറഞ്ഞു.
ഇന്ത്യൻ സർക്കാരും ഇത് ശ്രദ്ധിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ വ്യക്തമായ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പാകിസ്താൻ എന്തും വിൽക്കുന്ന ഒരു രാജ്യമാണ്. ഈ താഴ്വര പാകിസ്താൻ കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്. കുറച്ച് പണം ലഭിക്കുന്നതിനായി ചൈനയെ അവിടെ അനുവദിക്കുന്നത് പോലുള്ള കാര്യങ്ങൾ അവർ ചെയ്യുന്നു. എന്നാൽ ഈ ഭാഗം ഇന്ത്യയുടേതാണ്, ഇന്ത്യ അവിടെ പൂർണമായ ശ്രദ്ധ ചെലുത്തുന്നുണ്ട്.' അദ്ദേഹം വ്യക്തമാക്കി.
'കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഇന്ത്യ ഇനിയും പാകിസ്താനെക്കുറിച്ച് ചിന്തിക്കില്ല, ഞങ്ങൾ ഞങ്ങളുടെ രീതിയിൽ നടപടിയെടുക്കും.' അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷം കേന്ദ്രത്തെയും ബിജെപിയെയും വിമർശിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ദേശീയ താൽപ്പര്യം ആദ്യം വരണമെന്ന് ഗുപ്ത അഭിപ്രായപ്പെട്ടു.
Content Highlights: Ladakh LG Kavinder Gupta condemns China`s Shaksgam Valley projects, stating it`s Indian territory. Predicts Pakistan`s collapse amid POK`s desire for India.
Published: 13 Jan 2026, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented