
ചെന്നൈ: വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനു നൽകിക്കൊണ്ട് തമിഴ്‌നാട് നിയമസഭ പാസാക്കിയ മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ മൂന്നുവർഷത്തിനുശേഷം രാഷ്ട്രപതി തിരിച്ചയച്ചു. വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി ഗവർണർ ആർ.എൻ. രവിയുമായി ഏറ്റുമുട്ടുന്ന ഡിഎംകെ സർക്കാരിന് ഇത് പുതിയ തിരിച്ചടിയായി.
മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണറിൽനിന്ന് മാറ്റി സംസ്ഥാന സർക്കാറിനു നൽകുന്ന നിയമ ഭേദഗതി 2022 ഏപ്രിലിലാണ് നിയമസഭ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥകൾ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന സംശയം പ്രകടിപ്പിച്ച് ഗവർണർ ആർ.എൻ. രവി അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. ഏറെക്കാലം പിടിച്ചുവെച്ച ശേഷമാണ് രാഷ്ട്രപതി ദ്രൗപദി മുർമു ബിൽ അംഗീകാരം നൽകാതെ കഴിഞ്ഞദിവസം തിരിച്ചയച്ചത്. രാഷ്ട്രപതി തിരിച്ചയച്ച ബിൽ വീണ്ടും പാസാക്കി അയക്കുകയെന്ന മാർഗമാണ് സംസ്ഥാന സർക്കാരിനു മുന്നിലുള്ളത്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അധികാരത്തർക്കവും നിയമയുദ്ധവും കാരണം സംസ്ഥാനത്തെ 14 സർവകലാശാലകളിലെ വൈസ് ചാൻസലർ പദം മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. 168 വർഷം പ്രായമുള്ള മദ്രാസ് സർവകലാശാലയിൽ 2023 ഓഗസ്റ്റ് മുതൽ വൈസ് ചാൻസലർ ഇല്ല. വിസി നിയമനത്തിന് സർക്കാർ നിയമിച്ച സെർച്ച് കമ്മിറ്റിയെ ഗവർണറും ഗവർണറുടെ കമ്മിറ്റിയെ സർക്കാറും അംഗീകരിക്കാത്തതാണ് നിയമനം നീണ്ടുപോകാൻ കാരണം.
ഗവർണർ ആർ.എൻ. രവി അനിശ്ചിതമായി പിടിച്ചുവെച്ച 10 ബില്ലുകൾ ഏപ്രിൽ എട്ടിന്റെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമമായതോടെ സർവകലാശാലകൾക്കു മേൽ ഗവർണർക്കുള്ള അധികാരങ്ങൾ പരിമിതപ്പെട്ടിരുന്നു. രാഷ്ട്രപതിയ്ക്ക് അയച്ച മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നിരുന്നില്ല. സുപ്രീംകോടതി വിധിയുടെ ബലത്തിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണറിൽനിന്നു മാറ്റിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ, നിയമഭേദഗതി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നടപടികൾ വീണ്ടും സ്തംഭിച്ചു. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് ഗവർണർക്ക് സമയക്രമം നിശ്ചയിക്കാനാവില്ലെന്നും ഗവർണർ അനിശ്ചിതമായി പിടിച്ചുവെച്ച ബില്ലുകൾക്ക് സ്വാഭാവികാനുമതി ലഭിച്ചതായി പരിഗണിക്കാനാവില്ലെന്നുമാണ് ഈ വിധിയെപ്പറ്റിയുള്ള രാഷ്ട്രപതിയുടെ റഫറൻസിന് മറുപടിയായി സുപ്രീംകോടതി പിന്നീട് വ്യക്തമാക്കിയത്.
Content Highlights: setback for tamilnadu government as president sent back madras university bill
Published: 31 Dec 2025, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented