ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സിബിഐയാണ് ഹെെക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്.
ബലാത്സംഗക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും ഉന്നാവോ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ജയിലിൽ കഴിയുന്നതിനാൽ സേംഗർ പുറത്തിറങ്ങിയിരുന്നില്ല.
കുട്ടികളെ ബലാത്സംഗംചെയ്യുന്ന പൊതുസേവകർക്ക് പോക്‌സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്. ആക്രമണത്തിന് ഇരയായ സമയത്ത് പതിനാറുവയസ്സായിരുന്നു പെൺകുട്ടിയുടെ പ്രായം.
എന്നാൽ സിറ്റിങ് എംഎൽഎയായ സേംഗർ പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്നും അതിനാൽ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, സംഭവം നടന്ന 2017-ലെ ചുരുങ്ങിയ ശിക്ഷ ഏഴുവർഷം തടവാണ്. സേംഗർ ഏഴുവർഷവും അഞ്ച് മാസവും ജയിലിൽ കിടന്നെന്നുകാട്ടിയാണ് ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം നൽകിയത്.
ഹെെക്കോടതി വിധിക്ക് പിന്നാലെ ഉന്നാവോ അതിജീവിതയും അമ്മയും സാമൂഹിക പ്രവർത്തകയ്ക്കൊപ്പം ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പിന്നീട് ഡൽഹി ഹെെക്കോടതിക്ക് മുന്നിൽ പ്രതിഷേധിക്കാനെത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് നീക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Content Highlights: set back for kuldeep singh sengar supreme court stays high court verdict
Published: 29 Dec 2025, 12:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented