ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെതിരായ വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് സെറം ഇൻസ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും. ഇരു കമ്പനികളുടെയും വാക്സിനുകൾ സംബന്ധിച്ച് വ്യത്യസ്താഭിപ്രായങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് കമ്പനികൾ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ജീവനും ജീവിതവും രക്ഷിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാന കർത്തവ്യം. ലോകത്തെങ്ങുമുള്ള ജീവനുകൾ രക്ഷിക്കാൻ ശക്തിയുള്ള വസ്തുവാണ് വാക്സിനുകളെന്നും കമ്പനിയുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. സെറം ഇൻസ്റ്റിറ്റിയൂട്ട് മേധാവി ആദാർ പൂനവാലയും ഭാരത് ബയോടെക് അധ്യക്ഷൻ കൃഷ്ണ എല്ലയുമാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

വാക്സിന്റെ സുഗമമായ വിതരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇരു കമ്പനികളും ഏർപ്പെട്ടിരിക്കുകയാണ്. അത് രാജ്യത്തിനോടും ലോകത്തോടുമുള്ള തങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഓക്സഫഡും ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച് പുണയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിക്കുന്ന കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ച് പുറത്തിറക്കുന്ന കോവാക്സിനും കഴിഞ്ഞ ദിവസം അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തീകരിച്ചിട്ടില്ലെന്നും അതിനു മുൻപ് അനുമതി നൽകിയത് ഉചിതമായില്ലെന്നുമുള്ള ആരോപണങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്നിരുന്നു.

Content Highlights:Serum Bharat Biotech announce combined intent to supply vaccines