മൊറാദാബാദ്: രാഹുല്‍ ഗാന്ധിയെ ഭഗവാന്‍ ശ്രീരാമനോടും കോണ്‍ഗ്രസിനെ ഭാരതത്തോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും താരതമ്യപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാഹുല്‍ അമാനുഷികനാണെന്നും ഖുര്‍ഷിദ് പറഞ്ഞു. ശൈത്യത്തില്‍ നമ്മളൊക്കെ തണുത്തുവിറച്ച് ജാക്കറ്റ് ധരിച്ച് ഇരിക്കുമ്പോള്‍ ടി ഷര്‍ട്ട് ധരിച്ച് അദ്ദേഹം പുറത്തുകൂടി നടക്കുകയാണ് (ഭാരത് ജോഡോ യാത്രയുടെ ഭാഗമായി). ഒരു യോഗിയെ പോലെ അദ്ദേഹം ലക്ഷ്യബോധത്തോടെ തന്റെ തപസ്യ അനുഷ്ഠിക്കുകയാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.

To advertise here,

ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് കത്തയച്ച വിഷയത്തെ കുറിച്ചും ഖുര്‍ഷിദ് പ്രതികരിച്ചു. കോണ്‍ഗ്രസിനോടു മാത്രമായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടാനാകില്ല. രാജ്യത്തിന് മൊത്തത്തില്‍ ബാധകമായ, ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുലിനെ ഭഗവാന്‍ ശ്രീരാമനുമായി താരതമ്യപ്പെടുത്തിയതിനെതിരേ ബി.ജെ.പി. രംഗത്തെത്തി. താരതമ്യം ഞെട്ടിക്കുന്നതാണെന്നും മറ്റാരെയെങ്കിലും മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഖുര്‍ഷിദിന് ധൈര്യമുണ്ടോയെന്നും ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് ജയ് ഹിന്ദ് ആരാഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു ഷെഹ്‌സാദിന്റെ പ്രതികരണം.