ന്യൂഡൽഹി: മാലദ്വീപിലെ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ഇന്ത്യ പരിശ്രമിക്കുകയാണെന്നും ‌ഇരുകൂട്ടർക്കും അംഗീകരിക്കാനാകുന്ന ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് പ്രതികരണം. 

To advertise here,

ഇരുകൂട്ടർക്കും പ്രയോജനകരമായ ഒരു പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനമെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഈ മാസം 14-ന് കോർ ഗ്രൂപ്പ് യോഗം നടന്നു. രണ്ടാം കോർ ഗ്രൂപ്പ് യോഗം നടക്കാനിരിക്കുകയാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ചർച്ചകൾ എന്തു ഫലമുണ്ടാക്കുമെന്ന കാര്യം മുൻകൂട്ടി പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മാർച്ച് 15-ന് ഉള്ളിൽ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്നാണ് മാലദ്വീപ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്.  മാലദ്വീപിന് ഇന്ത്യ നൽകിയ രണ്ട് നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെയും (എഎൽഎച്ച്)  ഒരു ഡോർണിയർ വിമാനത്തിന്റെയും പ്രവർത്തനത്തിന് ഈ ഉദ്യോഗസ്ഥർ അത്യന്താപേക്ഷിതമാണ്. പ്രധാനമായും മാനുഷിക സഹായത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമാണ് ഇവ ഉപയോ​ഗിക്കുന്നത്.

ടൂറിസത്തെച്ചൊല്ലിയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. അഞ്ചുദിവസം നീണ്ട ചൈനാ സന്ദർശനത്തിനുപിന്നാലെയാണ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന നിലപാട് മാലദ്വീപ് കടുപ്പിച്ചത്. തിരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്. ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവുകൂടിയാണ് മൊയ്സു.