ന്യൂഡല്‍ഹി: തദ്ദേശീയ പശുക്കളുടെ വിശിഷ്ടഗുണങ്ങളെ കുറിച്ചും ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധഗുണങ്ങളെ കുറിച്ചും പഠനം നടത്താന്‍ ഗവേഷണത്തിന് താത്പര്യപത്രം ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദത്തിലേക്ക്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം ശാസ്ത്രജ്ഞര്‍ സര്‍ക്കാരിന് ഓണ്‍ലൈന്‍ മുഖാന്തരം കത്തയച്ചു. 

പശുക്കളുടെ വിശിഷ്ടഗുണത്തെ കുറിച്ചും കാന്‍സര്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള ചികിത്സയ്ക്കായി ഗോമൂത്രം, ചാണകം, പാല്‍ തുടങ്ങിയവയ്ക്ക് ഉപയോഗപ്പെടുത്താനാവുമോ എന്ന വിഷയത്തെയും അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്താന്‍ താത്പര്യപ്പെടുന്നവരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഫെബ്രുവരി 14നാണ് പുറത്തെത്തിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ്, ആയുര്‍വേദം, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ,സോവ റിഗ്പ, ഹോമിയോപ്പതി മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ ചേര്‍ന്നാണ് റിസര്‍ച്ച് പ്രൊപ്പോസലുകള്‍ ക്ഷണിച്ചിരിക്കുന്നത്. 

പശുവില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കാന്‍സര്‍, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്ന കൗപതി ഉള്‍പ്പെടെ അഞ്ച് ഗവേഷണ വിഷയങ്ങളിലേക്കാണ് പ്രൊപ്പോസലുകള്‍ ക്ഷണിച്ചിരിക്കുന്നതതെന്ന് sciencemag.org റിപ്പോര്‍ട്ട് ചെയ്യുന്നു. റിസര്‍ച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട വിഷയങ്ങള്‍ അശാസ്ത്രീയമാണെന്ന് ശാസ്ത്രജ്ഞര്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യ സാമ്പത്തികപ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇത് പൊതുപണത്തിന്റെ അനാവശ്യ ചിലവഴിക്കലാണെന്നും ശാസ്ത്രജ്ഞര്‍ ആരോപിച്ചു. 

വസ്തുനിഷ്ഠമായ ശാസ്ത്രീയ അന്വേഷണത്തെ അടിസ്ഥാനമാക്കിയല്ല റിസര്‍ച്ച് പ്രൊപ്പോസലുകള്‍ ക്ഷണിച്ചിരിക്കുന്നത്. പകരം, നിലനില്‍ക്കുന്ന വിശ്വാസങ്ങളെ സാധൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണുള്ളതെന്ന് ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷനിലെ റീഡര്‍ അനികേത് സുലെ പ്രതികരിച്ചു. പണം ചിലവഴിക്കുന്നതിനു മുമ്പ് ഇത്തരം ഗവേഷണങ്ങള്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോയെന്ന കാര്യം അവര്‍ തെളിയിക്കേണ്ടതുണ്ട്- അനികേത് കൂട്ടിച്ചേര്‍ത്തു. 

content highlights: scientists submits online letters against scheme to study benefits of cow dung, urine, and milk