ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ എല്ലാ സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കേസിലെ സാക്ഷി ആക്രമിക്കപ്പെട്ടുവെന്ന ആരോപണത്തെ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

To advertise here,

കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സാക്ഷിക്ക് നേരെയുണ്ടായ ആക്രമണം സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

എഫ്‌ഐആറിലെ ചില വസ്തുതകള്‍ മാത്രം കണക്കിലെടുത്ത് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി തെറ്റാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാത്തത് വിചത്രമാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു.

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മാര്‍ച്ച് 24-ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.