
ന്യൂഡല്‍ഹി: പള്ളിസര്‍വേയെച്ചൊല്ലി സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭാൽ സന്ദർശിക്കുന്നതിനെത്തിയ മുസ്‌ലിം ലീഗ് എം.പിമാരെ യു.പി. പോലീസ് തടഞ്ഞു. ഗാസിയാബാദില്‍വെച്ചാണ് പോലീസ് തടഞ്ഞത്.
ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, പി.വി. അബ്ദുള്‍ വഹാബ്, കെ. നവാസ് കനി, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് സംഭാലിലേക്ക് തിരിച്ചത്. ഗാസിയാബാദില്‍ തടഞ്ഞ പോലീസ്, സംഭാലിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് എം.പിമാരെ അറിയിച്ചു. പുറത്തുനിന്നുള്ളവര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ശനിയാഴ്ചവരെ സംഭാലിലേക്ക് പോകുന്നതില്‍ വിലക്കുണ്ട്.
സംഭാലില്‍നിന്ന് 135 കിലോമീറ്റര്‍ അകലെവെച്ചാണ് എം.പിമാരെ തടഞ്ഞത്. മൊറാദാബാദിലെ ലീഗ് പ്രവര്‍ത്തകരുമായി സംസാരിച്ച് അവര്‍ക്കൊപ്പം സംഭാലിലേക്ക് പോകാനായിരുന്നു എം.പിമാരുടെ തീരുമാനം. എന്നാല്‍, മൊറാദാബാദില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഗാസിയാബാദിലെ ടോള്‍ പ്ലാസയില്‍വെച്ചാണ് ഇവരെ തടഞ്ഞത്.
പോലീസിനോട് സംഘര്‍ഷത്തിന് നില്‍ക്കാതെ തത്കാലം മടങ്ങുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. എന്തിനാണ് യു.പി. പോലീസ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വൈകാതെ തന്നെ സംഭാലിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനേച്ചൊല്ലി ഞായറാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. സര്‍വേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടയുകയായിരുന്നു. ജനങ്ങളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റി മുസ്ലീം പള്ളി പണിതെന്ന ആരോപണത്തെ തുടര്‍ന്നാണ് കോടതി ഉത്തരവ് പ്രകാരം പള്ളി ഇരിക്കുന്ന സ്ഥലത്ത് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. സര്‍വേ നടത്താന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി ഒരുവിഭാഗം രംഗത്തെത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്.
Content Highlights: Hapur police sent back Muslim league MPs while going to Sambhal
Published: 27 Nov 2024, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented