ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ശത്രുവല്ലെന്നും ചൈനയോടുള്ള അത്തരത്തിലുള്ള മനോഭാവം ഇന്ത്യ മാറ്റേണ്ടതുണ്ടെന്ന്‌  ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ. പരാമര്‍ശം വിവാദമായതോടെ പിത്രോദയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ചൈനയെ സബന്ധിച്ച് പിത്രോദ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ അഭിപ്രായവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി വക്താവ് ജയ്റാം രമേഷ് വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയും ചൈനയും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തായതെന്ന് ബിജെപി ആരോപിച്ചു. 

To advertise here,

ഒരു വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് പിത്രോദ നല്‍കിയ മറുപടിയാണ് വിവാദത്തിലേക്ക് വഴിവെച്ചത്. ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഭീഷണികള്‍ നേരിടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോ സാധിക്കുമോ എന്ന ചോദ്യത്തിന് ചൈനയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാകുന്നതായി തോന്നുന്നില്ലെന്നായിരുന്നു പിത്രോദയുടെ മറുപടി. പ്രശ്‌നം നമ്മുടെ കാഴ്ചപ്പാടിന്റേതാണെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ചൈനയോടുള്ള ശത്രുതാ മനോഭാവം അനാവശ്യമായി കൊണ്ടുനടക്കുന്നതാണെന്നും പിത്രോദ പറഞ്ഞു. 

ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാലക്രമേണ ഉണ്ടായിവന്ന ഒരു ചിന്താഗതിയാണ് ഇതിന് ആധാരം. ആദ്യംമുതല്‍ തന്നെ ചൈനയെ ശത്രുവായി കാണാനുള്ള മനോഭാവമാണ് നമുക്ക് ഉണ്ടായിട്ടുള്ളത്. ആ മനോഭാവം രാജ്യത്തെ വലിയൊരു ശതമാനം ജനങ്ങളെയും സ്വാധീനിച്ചിട്ടുമുണ്ട്. നമ്മള്‍ എപ്പോഴും ഒരു ഏറ്റുമുട്ടലിന് തയ്യാറായ പോലെയാണ് നില്‍ക്കുന്നത്. അതുതന്നെയാണ് ശത്രുതാ മനോഭാവത്തിന്റെ പ്രധാന കാരണവും. നമ്മുടെ ആ മനോഭാവമാണ് മാറേണ്ടത്. ചൈനയോട് മാത്രമല്ല, മറ്റേതൊരു രാജ്യത്തോടാണെങ്കിലും ഇത്തരത്തിലുള്ള ഒരു സമീപനം ശരിയല്ല, പിത്രോദ പറഞ്ഞു.  

പരാമര്‍ശം വിവാദമായതോടെ പിത്രോദയെ തള്ളി മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നു.  'ചൈനയുമായി ബന്ധപ്പെട്ട് സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാഴ്ചപ്പാടുമായി ബന്ധമില്ല. സുരക്ഷാപരമായും വിദേശനയപരമായും സാമ്പത്തികമായുമൊക്കെ ഇന്ത്യയ്ക്ക് എല്ലായിപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന രാജ്യമാണ് ചൈന', ജയ്റാം രമേശ് തന്റെ എക്‌സ്  പേജില്‍ കുറിച്ചു. 

അതേസമയം പിത്രോദയുടെ പരാമര്‍ശം കോണ്‍ഗ്രസിനെതിരെയുള്ള ആയുധമാക്കിയിട്ടുണ്ട് ബിജെപി. പിത്രോദയുടെ പരാമര്‍ശം നാക്കുപിഴയല്ലെന്നും അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം തന്നെയാണെന്നും ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി ആരോപിച്ചു. ചൈനയോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ കാഴ്ചപ്പാടാണ് പിത്രോദയിലൂടെ പുറത്തുവന്നത്. ചൈന ശത്രുവല്ലെന്നും ഇന്ത്യക്കാരുടെ കാഴ്ചപ്പാടാണ് പ്രശ്‌നമെന്നും പറഞ്ഞതിലൂടെ രാജ്യത്തിന്റെ അന്തസിനാണ് പിത്രോദയുടെ പരാമര്‍ശം കളങ്കം ഉണ്ടാക്കിയത്, സുധാന്‍ഷു മാധ്യമങ്ങളോട് പറഞ്ഞു. 

നേരത്തെയും സാം പിത്രോദയുടെ പരാമര്‍ശങ്ങള്‍ വിവാദമാകുകയും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്.