തിരുവനന്തപുരം: സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി എ. പത്മകുമാറിന്റെ അറസ്റ്റിനുശേഷം അന്വേഷണസംഘം (എസ്ഐടി) നീങ്ങുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂട്ടാളികള്‍ക്കടുത്തേക്ക്. ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടുകേസുകളിലെയും ഒന്നാംപ്രതിയായ റിമാന്‍ഡില്‍ കഴിയുന്ന പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചിട്ടുണ്ട്.
തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ബോര്‍ഡ് മുൻഅംഗങ്ങളായ കെ.പി. ശങ്കരദാസും എന്‍. വിജയകുമാറും മൊഴിനല്‍കിയിട്ടുണ്ടെന്നാണ് സൂചന. ശബരിമലയിലെ കട്ടിളപ്പാളികളും അതിനോടുചേര്‍ന്ന പ്രഭാവലയവും സ്വര്‍ണം പതിപ്പിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്നിട്ടും ചെമ്പുപാളികള്‍ എന്ന് ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ അജന്‍ഡയില്‍ പത്മകുമാര്‍ എഴുതിച്ചേര്‍ത്തെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇങ്ങനെ പോറ്റിക്ക് എല്ലാവഴികളും തുറന്നുകൊടുത്തു. പോറ്റിയുടെ പക്കല്‍ പാളികള്‍ കൊടുത്തുവിട്ടത് ദേവസ്വം മാന്വല്‍ വ്യവസ്ഥ ലംഘിച്ചാണ്.
സംസ്ഥാനത്തിനകത്തും പുറത്തും പോറ്റിയെ സഹായിച്ചവരെ പിടികൂടുകയെന്നതാണ് അന്വേഷണത്തിന്റെ അടുത്തഘട്ടം. ദേവസ്വം ബോര്‍ഡുമായി നേരിട്ടു ബന്ധമില്ലാത്തവരാണ് ഇവര്‍. സ്വര്‍ണം കൈമാറിയതിന്റെയും സാമ്പത്തിക ഇടപാടുകളുടെയും വിവരം അന്വേഷണസംഘം ശേഖരിച്ചിരുന്നു.
ദ്വാരപാലകശില്പങ്ങളുടെ താങ്ങുപീഠം വീട്ടില്‍ സൂക്ഷിച്ച പോറ്റിയുടെ സഹായി കോട്ടയം ആനിക്കാട് സി.കെ. വാസുദേവന്‍, സ്വര്‍ണംപൂശിയ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ശബരിമലയില്‍നിന്ന് പാളികള്‍ ഏറ്റുവാങ്ങിയ അനന്തസുബ്രഹ്‌മണ്യന്‍, പോറ്റിയുടെ സഹ സ്പോണ്‍സര്‍ രമേശ്റാവു, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍, ഉരുക്കിയ സ്വര്‍ണം ഗോവര്‍ധന് കൈമാറിയ കല്‍പ്പേഷ് തുടങ്ങി ഒട്ടേറെപ്പേര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏതാനുംപേരെ വിളിച്ചുവരുത്തിയും അല്ലാതെയും മൊഴിയെടുത്തിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ചോ അല്ലാതെയോ മൊഴിയെടുക്കും.
പത്മകുമാറിനെ മുന്‍ ബോര്‍ഡംഗങ്ങള്‍ക്കൊപ്പം ചോദ്യംചെയ്യും, തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും. വിശദമായ ചോദ്യംചെയ്യല്‍ അന്നുണ്ടാകും. മുന്‍ ബോര്‍ഡംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ അന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നാണ് വിവരം.
ബോര്‍ഡ് ഉദ്യോഗസ്ഥരെയും കമ്മിഷണറെയും കുറ്റപ്പെടുത്തിയാണ് പത്മകുമാര്‍ കഴിഞ്ഞദിവസം മൊഴി നല്‍കിയതെന്നാണ് സൂചന. അതേസമയം, സ്വന്തം കൈപ്പടയിലെഴുതിയ രേഖകള്‍തന്നെ അദ്ദേഹത്തിന് കുരുക്കാകുകയും ചെയ്തു. ഇക്കാര്യങ്ങള്‍ നേരത്തേ രണ്ടു ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിനാണ് പത്മകുമാറിനെയും പഴയ ബോര്‍ഡംഗങ്ങളെയും ഒരുമിച്ച് ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം ആലോചിക്കുന്നത്.
സ്വര്‍ണപ്പാളി കൊണ്ടുവന്ന് പൂജിച്ച അജികുമാറിന്റെ തറവാട്ടുവീട്ടില്‍ അന്വേഷണസംഘമെത്തി
വാഴക്കുളം: ശബരിമല സ്വര്‍ണത്തട്ടിപ്പ് അന്വേഷിക്കുന്ന അന്വേഷണസംഘം (എസ്‌ഐടി) ബെംഗളൂരുവില്‍ വ്യവസായിയായിരുന്ന അജികുമാറിന്റെ മൂവാറ്റുപുഴ വാഴക്കുളത്തിനടുത്ത് പിരളിമറ്റത്തുള്ള തറവാട്ടുവീട്ടിലെത്തി. 2019 സെപ്റ്റംബര്‍ 11-ന് ശബരിമലയിലെ സ്വര്‍ണപ്പാളി കൊണ്ടുവന്ന് കുടുംബക്ഷേത്രത്തില്‍ പൂജ നടത്തിയതായി അനുജന്‍ അനില്‍കുമാര്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ മൂന്നുപേരാണ് തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച അജികുമാറിന്റെ തറവാട്ടുവീട്ടിലെത്തിയത്. പൂജ നടന്ന കാവിലും വീടിനുള്ളിലും സംഘം പരിശോധനകള്‍ നടത്തി. രാവിലെ 10-ന് കാറില്‍ കൊണ്ടുവന്ന സ്വര്‍ണപ്പാളി വെള്ളാരങ്കല്ലിങ്കല്‍ കുടുംബക്ഷേത്രത്തില്‍ വയ്ക്കുകയും വൈകീട്ട് 5-ന് പൂജയ്ക്കുശേഷം വെളുപ്പിന് മൂന്നു മണിയോടെ പള്ളിക്കത്തോട് ഇളമ്പള്ളി ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതായും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി അനില്‍കുമാര്‍ പറഞ്ഞു.
തറവാട്ടുവീട്ടില്‍ അനില്‍കുമാര്‍, വല്യച്ഛന്‍ സുകുമാരന്‍, മകന്‍ സജിമോന്‍ എന്നിവരോടാണ് അന്വേഷണസംഘം വിവരങ്ങള്‍ തേടിയത്. തെളിവെടുപ്പിന്റെ മഹസര്‍ സാക്ഷിയായി സജിമോനാണ് ഒപ്പുവെച്ചത്. രണ്ടര മണിക്കൂറോളം അന്വേഷണസംഘം ഇവിടെ പരിശോധന നടത്തിയ ശേഷമാണ് മടങ്ങിയത്.
Content Highlights: sabarimala gold heist sit next target associates of unnikrishnan potty
Published: 22 Nov 2025, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented