
ക്രെംലിൻ: അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള തീരുവയുദ്ധം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. പരമാധികാര രാഷ്ട്രങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്ക് മേൽ അമേരിക്ക നിയമവിരുദ്ധമായ വ്യാപാര സമ്മർദ്ദം ചെലുത്തുന്നുവെന്നും റഷ്യ ആരോപിച്ചു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരേ തീരുവ ചുമത്തിക്കൊണ്ട് നിരന്തരം ഭീഷണി തുടരുന്നതിനിടിയാണ് ട്രംപ് ഭരണകൂടത്തിനെതിരേ രൂക്ഷ വിമർശനവുമായി ക്രെംലിൻ രംഗത്തെത്തിയത്. റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ വേണ്ടി അമേരിക്ക രാജ്യങ്ങളെ നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായുള്ള നിരവധി പ്രസ്താവനകൾ കേൾക്കാനിടയായി. അത്തരം പ്രസ്താവനകൾ നിയമപരമെന്ന് തങ്ങൾ കരുതുന്നില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മോസ്കോ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റഷ്യയ്ക്കും അവരിൽനിന്ന് ഊർജ്ജ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കും പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യയ്ക്കുമേലും തീരുവ വർധിപ്പിച്ചിരുന്നു.
ട്രംപിന്റെ താരിഫ് ഭീഷണികൾ ന്യായീകരിക്കാനാകാത്തത് എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. രാജ്യത്തെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. 'യുക്രൈൻ യുദ്ധം തുടങ്ങിയപ്പോഴാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അന്നുതൊട്ട് യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവെക്കുന്നു. യുക്രൈൻ യുദ്ധത്തെത്തുടർന്ന് പരമ്പരാഗത ഇറക്കുമതിമാർഗങ്ങൾ തടയപ്പെട്ടതോടെയാണ് റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അക്കാലത്ത് യുഎസ് അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എണ്ണയുടെ ആഗോളവിപണി ശക്തമാക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്'- വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ വിശദീകരിച്ചു.
ഇതിനിടെ യുഎസുമായി 1987-ലെ ഇന്റമീഡിയറ്റ് - റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) ഉടമ്പടിയിൽ നിന്ന് റഷ്യ പിന്മാറി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് റഷ്യയുടെ പുതിയ നീക്കം. റഷ്യക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ സൈന്യത്തോട് ട്രംപ് ദിവസങ്ങൾക്ക് മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിന്റെ ഭാഗത്ത് നിന്ന് നിർണായക നീക്കമുണ്ടാകുന്നത്.
ഹ്രസ്വ-ദൂര, മധ്യ-ദൂര ആണവ മിസൈലുകള്‍ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയമായിരുന്നു ഐഎന്‍എഫ് ഉടമ്പടി. യുഎസും റഷ്യയുടെ മുന്ഗാമിയായിരുന്നസോവിയറ്റ് യൂണിയനും തമ്മിൽ ഒപ്പുവെച്ച ഉടമ്പടിയായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി തങ്ങള്‍ക്കില്ലെന്നും മുന്‍പ് സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Content Highlights: Russia Backs India's Trade Sovereignty Amidst US Tariff Disputes
Published: 05 Aug 2025, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented