ചെന്നൈ: തമിഴ്‌നാട് സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ പൊതുവായി ഉപയോഗിക്കുന്ന രൂപയുടെ ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ 'രു' ചേര്‍ത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ത്രിഭാഷ നയത്തിന്റെ ഭാഗമായി ഉടലെടുത്തിരിക്കുന്ന വിവാദങ്ങളുടെ തുടര്‍ച്ചയായാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ നീക്കത്തെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഈ സഹചര്യത്തില്‍ രൂപയുടെ ചിഹ്നത്തിന്റെ പിറവിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്ന രൂപയുടെ ചിഹ്നം ഡിസൈന്‍ ചെയ്തത് ഒരു തമിഴ്‌നാട് സ്വദേശിയാണ്.ഡി. ഉദയകുമാറാണ് രാജ്യം അംഗീകരിച്ച രൂപയുടെ ലോഗോ ഡിസൈന്‍ ചെയ്തത്. ഗുവാഹത്തി ഐ.ഐ.ടിയിലെ പ്രൊഫസറായ ഉദയകുമാര്‍ 2010-ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു കാലത്താണ് ഇപ്പോള്‍ കാണുന്ന രൂപയുടെ ലോഗോ ഡിസൈന്‍ ചെയ്തത്. തമിഴ്‌നാട്ടിലെ ഋഷിവന്ദ്യം മണ്ഡലത്തിലെ എം.എല്‍.എയും ഡി.എം.കെ. നേതാവുമായിരുന്ന ധര്‍മലിംഗത്തിന്റെ മകനാണ് ഉദയകുമാര്‍.
ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നായി ലഭിച്ച 3000 ഡിസൈനുകളില്‍ നിന്നാണ് ഉദയകുമാര്‍ ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുത്തത്. ഇതേതുടര്‍ന്ന് ഉദയകുമാറിന് 2.5 ലക്ഷം രൂപ പാരിതോഷികവും ലഭിച്ചിരുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ R-ഉം സംസ്‌കൃതം, ദേവനാഗരിയിലെ അതേ അക്ഷരവും ചേര്‍ത്താണ് ഇത് രൂപകല്‍പന ചെയ്തത്. ഇതിനുമുകളിലായി ദേശീയ പതാകയേയും സമം ചിഹ്നത്തെയും സൂചിപ്പിക്കുന്ന രണ്ട് വരകളും നല്‍കിയാണ് ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്.
ആര്‍ക്കിടെക്ചറില്‍ ബിരുദവും ഡിസൈനില്‍ (വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍) ബിരുദാനന്തര ബിരുദവും ഐ.ഐ.ടി. ബോംബെയിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററില്‍ നിന്ന് ഡിസൈനില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള വ്യക്തിയാണ് ഉദയകുമാര്‍. ഒരു മാസികയില്‍ സീനിയര്‍ ഡിസൈനറായും, ഡിസൈന്‍ വിഭാഗം മേധാവിയായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പുതിയ ഡിസൈനുകളില്‍ ഗവേഷണം ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹമെന്നാണ് വിവരം.
തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം യാതൊരു തരത്തിലും തന്നെ ബാധിക്കുന്നില്ലെന്നാണ് അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നമ്മുടെ സൃഷ്ടികളെല്ലാം എല്ലാവരും അംഗീകരിക്കപ്പെടണമെന്നില്ല. അവയ്‌ക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും ഒരു ഡിസൈനര്‍ തയാറായിരിക്കണമെന്നാണ് ഉദയകുമാര്‍ പറയുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ നീക്കം വ്യക്തിപരമായ അധിക്ഷേപമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: The story behind India`s Rupee symbol, designed by Tamil Nadu native D. Uday Kumar
Published: 14 Mar 2025, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented