
അമരാവതി(മഹാരാഷ്ട്ര): ഇന്ത്യയില്‍ ഭരണഘടനയാണ് പരമോന്നതമെന്നും ജനാധിപത്യത്തിന്റെ മറ്റ് മൂന്നുതൂണുകളും അതിനുകീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. ഭരണഘടന ഭേദഗതിവരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും എന്നാല്‍, അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്മനാടായ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അഭിനന്ദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റാണ് പരമോന്നതമെന്ന് പലരും പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, എന്റെ അഭിപ്രായത്തില്‍ ഭരണഘടനയാണ് പരമോന്നതമായത്. ഞാന്‍ എപ്പോഴും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൗലികാവകാശങ്ങള്‍ക്കൊപ്പമാണ് നിലകൊണ്ടത്. പൗരരുടെ അവകാശങ്ങളുടെയും ഭരണഘടനാപരമായ മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും സംരക്ഷകരാണ് തങ്ങളെന്ന കാര്യം ഒരുജഡ്ജി എപ്പോഴും ഓര്‍ക്കണം.
സര്‍ക്കാരിനെതിരായി ഉത്തരവുകള്‍ പുറപ്പെടുവിച്ചതുകൊണ്ടുമാത്രം ജഡ്ജി സ്വതന്ത്രനാവുകയില്ല. അധികാരം മാത്രമല്ല നമുക്കുള്ളത്. തങ്ങളില്‍ ഒരുകടമ അര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നത് തിരിച്ചറിയണം. വിധിന്യായത്തെക്കുറിച്ച് ആളുകള്‍ എന്തുപറയും അല്ലെങ്കില്‍ അവര്‍ക്ക് എന്തു തോന്നും എന്നുള്ള ചിന്ത ഒരുജഡ്ജിയെ തീരുമാനങ്ങളെടുക്കുന്നതില്‍ സ്വാധീനിക്കാന്‍ പാടില്ല. സ്വതന്ത്രമായി ചിന്തിക്കണം. പാര്‍പ്പിടത്തിനുള്ള അവകാശം പരമപ്രധാനമാണെന്ന് ബുള്‍ഡോസര്‍ നീതിക്ക് എതിരായ തന്റെ വിധിയെ പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ആര്‍ക്കിടെക്ട് ആകാനാണ് ഞാന്‍ ആഗ്രഹിച്ചത്. അഭിഭാഷകനാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍, ആസമയത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായതിനാല്‍ അദ്ദേഹത്തിന് അത് സാധിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അവര്‍ക്കുവേണ്ടത് ഭരണഘടനയല്ല, മനുസ്മൃതിയാണ് - രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'മതേതരത്വം' എന്നീ പദങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസിന്റെ മുഖംമൂടി ഒരിക്കല്‍ക്കൂടി പുറത്തുവന്നിരിക്കുകയാണെന്ന് രാഹുല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ആര്‍എസ്എസിനും ബിജെപിക്കും ഭരണഘടനയല്ല, മനുസ്മൃതിയാണ് വേണ്ടത്. സമത്വം, മതേതരത്വം, നീതി എന്നിവ പറയുന്നതിനാലാണ് ഭരണഘടന അവരെ അസ്വസ്ഥരാക്കുന്നത്. പാവപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കി വീണ്ടും അടിമകളാക്കാനാണ് ശ്രമം. ഭരണഘടനപോലുള്ള ശക്തമായ ആയുധം പിടിച്ചെടുക്കലാണ് അവരുടെ അജന്‍ഡ. ആര്‍എസ്എസിന്റെ ആ സ്വപ്നം വിജയിക്കില്ല. ദേശഭക്തരായ എല്ലാ ഭാരതീയരും അവസാനശ്വാസംവരെയും ഭരണഘടനയെ പ്രതിരോധിക്കും - രാഹുല്‍ പോസ്റ്റില്‍ പറഞ്ഞു.
സെക്കുലറിസവും സോഷ്യലിസവും ഭരണഘടനയില്‍നിന്ന് നീക്കണമെന്ന് ആര്‍എസ്എസ്
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ നീക്കംചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ബി.ആര്‍. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ കരടില്‍ ഈ പദങ്ങളില്ലായിരുന്നുവെന്ന് ഹൊസബളെ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികപരിപാടിയില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്ത, ജുഡീഷ്യറി നിസ്സഹായമായിരുന്ന അടിയന്തരാവസ്ഥക്കാലത്താണ് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ രണ്ടുപദങ്ങള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. അടിയന്തരാവസ്ഥയ്ക്കുശേഷം ആ പദങ്ങള്‍ നീക്കാന്‍ ശ്രമങ്ങളുണ്ടായതേയില്ല. ഇനിയും ആ പദങ്ങള്‍ ഭരണഘടനയില്‍ തുടരണോ എന്നത് പരിഗണിക്കേണ്ട സമയമാണിത്. മുന്‍പുണ്ടായിരുന്നതുപോലെ, മതേതരത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായിരിക്കണമെന്നും ഹൊസബളെ പറഞ്ഞു.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയെ എതിര്‍ക്കുകയും കത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണഘടന തിരുത്താന്‍ നാനൂറിലേറെ സീറ്റുവേണമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ജനം അവര്‍ക്ക് മറുപടി കൊടുത്തു. ഇപ്പോള്‍ ഭരണഘടനയുടെ ആത്മാവിനെ ബോധപൂര്‍വം ആക്രമിക്കുകയാണ്. ഭരണഘടനയ്‌ക്കെതിരായ ഏതുശ്രമത്തെയും പ്രതിരോധിക്കുമെന്നും കോണ്‍ഗ്രസ് സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചു.
ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസിന്റെ പ്രഖ്യാപിതലക്ഷ്യമാണ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ആര്‍എസ്എസ് ഭരണഘടനാതത്ത്വങ്ങള്‍ നീക്കംചെയ്യാന്‍ വാദിക്കുന്നത് വൈരുധ്യമാണ്. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും ജാതീയവും വിദ്വേഷം പടര്‍ത്തുന്നതുമായ സംഘടനയാണ് ആര്‍എസ്എസ് എന്നും ഭരണഘടന അട്ടിമറിക്കാനുള്ള അവരുടെ ഗൂഢപദ്ധതിയാണ് മറനീക്കുന്നതെന്നും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.
സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടന ജീവനുള്ള രേഖയാണെന്നും അതിന്റെ ആമുഖം ഭേദഗതിക്ക് വിധേയമാണെന്നും അന്ന് കോടതി പറഞ്ഞു. അടിസ്ഥാനഘടനയ്‌ക്കോ മൗലികവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കോ തടസ്സം നില്‍ക്കാത്തപക്ഷം ആമുഖത്തില്‍ മാറ്റംവരുത്താന്‍ നിയന്ത്രണമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്.
Content Highlights: rss wants manusmriti as constitution says rahul gandhi over constitution debate dattatreya hosabale
Published: 28 Jun 2025, 09:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented