ഹൈദരാബാദ്: തെലങ്കാനയിലെ കൈയേറ്റ വിരുദ്ധ കർമസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിക്ക് (HYDRAA) പ്രചോദനമായത് അഡോൾഫ് ഹിറ്റ്‌ലറാണെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന വിവാദത്തിൽ. പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. 'ഹൈഡ്ര' എന്ന പേര് സ്വീകരിക്കാൻ പ്രചോദനമായത് ഹിറ്റ്‌ലറാണെന്നാണ് രേവന്ത് അവകാശപ്പെട്ടത്. ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്ര. അദ്ദേഹത്തിന്റെ പ്രധാന സംഘത്തിന്റെ പേര് ഹൈഡ്ര എന്നായിരുന്നുവെന്നും രേവന്ത് പറഞ്ഞു.
പരാമർശം അപകടകരവും അത്യന്തം ആശങ്ക ജനിപ്പിക്കുന്നതുമായ മാനസികാവസ്ഥയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി. എം.പി.യുമായ ജി. കിഷൻ റെഡ്ഡി എക്‌സിൽ കുറിച്ചു. മുഖ്യമന്ത്രി ജനങ്ങളോട് നിരുപാധികം മാപ്പ് പറയണണം. അടിയന്തരാവസ്ഥക്കാലം മുതൽ ഹിറ്റ്ലറുടെ ഭരണംവരെ ഓർമിപ്പിക്കുന്ന രീതിയിൽ ജനങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് കോൺഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ അപകടകരമായ ഹിറ്റ്ലർ-അടിയന്തരാവസ്ഥ മാനസികാവസ്ഥ വീണ്ടും പുറത്തുവന്നിരിക്കുകയാണെന്നും കിഷൻ റെഡ്ഡി വിമർശിച്ചു. ഹിറ്റ്ലറാണ് തനിക്ക് പ്രചോദനമെന്ന് പരസ്യമായി പറയുന്ന രേവന്ത് റെഡ്ഡി, ഹൈദരാബാദിലെ ഒഴിപ്പിക്കലുകളെ യുദ്ധബാധിത രാജ്യങ്ങളായ ഇറാനിലേയും ഇസ്രയേലിലേയും സാഹചര്യങ്ങളോടാണ് ഉപമിക്കുന്നത്. ഇത് രാഹുൽ ഗാന്ധിയുടെ അതേ ഭാഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും തടാകങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാർ ഭൂമി വീണ്ടെടുക്കുന്നതിലും ഹൈഡ്ര വഹിക്കുന്ന പങ്കിനെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. പരിസ്ഥിതി വെല്ലുവിളികൾ, പ്രളയം, അനധികൃത കൈയേറ്റങ്ങൾ എന്നിവ നേരിടാൻ ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ പ്രമുഖ നഗരങ്ങൾക്ക് ഇത്തരം പ്രത്യേക സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: Chief Minister Revanth Reddy claims HYDRAA was inspired by Hitler., BJP demands an unconditional apology for the controversial comparison., HYDRAA's mandate includes removing encroachments and protecting lakes., Reddy alleges financial discrimination against Telangana by the Centre.,
Published: 07 Jun 2026, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented