
ഹൈദരാബാദ്: പ്രധാനമന്ത്രിയുടെ മുഖം ഉയർത്തിക്കാട്ടി വോട്ട് തേടുന്നതിന് പകരം ഭരണപ്രവർത്തനങ്ങൾ മുൻനിർത്തി വോട്ട് ചോദിക്കാൻ ബി.ജെ.പിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. 2028-ൽ സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിൽ വരുമെന്ന പാർട്ടിയുടെ അവകാശവാദം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, ബി.ജെ.പിക്കും മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. തെലങ്കാനയിൽ അടുത്ത സർക്കാർ തങ്ങളുടേതായിരിക്കുമെന്ന ബി.ജെ.പി ദേശീയ നേതാവ് നിതിൻ നബിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ രാഷ്ട്രീയ മോഹങ്ങളെ പരിഹസിച്ച രേവന്ത് റെഡ്ഡി, ബി.ജെ.പിയുടെ തിരക്കഥയ്ക്കനുസരിച്ചല്ല തെലങ്കാന പ്രവർത്തിക്കുകയെന്നും പറഞ്ഞു. ‘ആരോ ഒരാൾ ഇവിടെ വന്നിരുന്നു. നബിൻ എന്നോ മറ്റോ ആണ് പേര്. അടുത്ത സർക്കാർ അവരുടേതായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പശ്ചിമ ബംഗാളിലും അവർ ഇതേ അവകാശവാദമാണ് ഉന്നയിച്ചത്. അവിടെ അവർക്ക് അതിനായി 15 വർഷമെടുത്തു. തെലങ്കാനയും അവർക്ക് അതേ മറുപടി നൽകും. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങളുടെ ജനങ്ങൾക്കറിയാം’-ഹൈദരാബാദിൽ നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ 12 വർഷത്തെ ബി.ജെ.പി ഭരണവും തെലങ്കാനയിൽ ബി.ആർ.എസ്സിന്റെ പത്തുവർഷത്തെ ഭരണവും തന്റെ സർക്കാരിന്റെ രണ്ടരവർഷത്തെ ഭരണവും തമ്മിൽ ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. ‘മോദി സർക്കാർ വാഗ്ദാനം ചെയ്തതുപോലെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വീതം എത്തിയോ? കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വർഷംതോറും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞിരുന്നു. ആ തൊഴിലവസരങ്ങൾ എവിടെ? നേട്ടങ്ങൾ കാണിക്കൂ.’- അദ്ദേഹം പറഞ്ഞു.
വാർഡ് തിരഞ്ഞെടുപ്പായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും മോദിയുടെ പേര് പറഞ്ഞാണ് ബി.ജെ.പി വോട്ട് തേടുന്നത്. പ്രാദേശിക നേതാക്കളുടെ പ്രവർത്തനങ്ങൾ മുൻനിർത്തി വേണം തിരഞ്ഞെടുപ്പുകളെ നേരിടാൻ. അല്ലാതെ ഒരു മുഖത്തെ മാത്രം ഉയർത്തിക്കാട്ടുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ്. പ്രസിഡന്റുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെയും രേവന്ത് റെഡ്ഡി ആഞ്ഞടിച്ചു. മദ്യപാന സംസ്കാരം അല്ലാതെ മറ്റൊന്നും അദ്ദേഹം വളർത്തിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
വാറങ്കലിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ബി.ജെ.പി നേതാവ് നിതിൻ നബിൻ, 2028-ൽ തെലങ്കാനയിൽ ബി.ജെ.പി 'ഡബിൾ എൻജിൻ സർക്കാർ' രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Published: 02 Jul 2026, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented