ന്യൂഡല്‍ഹി: സിപിഎം മുന്‍ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഓര്‍മയായിട്ട് വെള്ളിയാഴ്ച ഒരു വര്‍ഷം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും അവരുടെ സഖ്യത്തിനും കനത്ത വെല്ലുവിളിയുയര്‍ത്തിയ ഇന്ത്യാ ബ്ലോക്ക് എന്ന പ്രതിപക്ഷ കൂട്ടായ്മയ്ക്ക് കളമൊരുക്കുന്നതില്‍ നിര്‍ണായക കണ്ണിയായി പ്രവര്‍ത്തിച്ച സീതാറാം ഇല്ലാതിരുന്ന വര്‍ഷം, ആ പ്രതിപക്ഷകൂട്ടായ്മയ്ക്കും പലവിധ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. ഏറ്റവുമൊടുവില്‍ നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ എത്തി നില്‍ക്കുന്നു ആ പരീക്ഷണങ്ങള്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍. ഇന്ത്യാബ്ലോക്ക് ആയിത്തന്നെ അവിടെ മഹാസഖ്യം ബലപരീക്ഷയ്ക്കിറങ്ങാനൊരുങ്ങുന്നു. ഇക്കാലയളവില്‍ ബദല്‍ മുന്നണിരാഷ്ട്രീയത്തിന്റെ പ്രായോഗികക്ഷമത വിജയിപ്പിച്ച സീതാറാം യെച്ചൂരിയുടെ അഭാവം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഴച്ചുനില്‍ക്കുന്നു.

To advertise here,

സീതാറാം നമ്മെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് സിപിഎം മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. '30 വര്‍ഷത്തിലേറെക്കാലം ഞങ്ങളൊരുമിച്ച് പ്രവര്‍ത്തിച്ചു. എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നുപോയത്?'- കാരാട്ട് മാതൃഭൂമിയോട് പറഞ്ഞു.

24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളിലേക്ക് സിപിഎം കടക്കുന്ന നിര്‍ണായകസന്ധിയിലായിരുന്നു കഴിഞ്ഞ സെപ്റ്റംബര്‍ 12ന് ജനറല്‍സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ വേര്‍പാട്. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ, സംഘടനാ രേഖകള്‍ തയാറാക്കുന്നതിലേക്ക് സീതാറാം കടന്നിരുന്നു. പക്ഷേ, അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹമുണ്ടായില്ല. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പിബി കൂട്ടായി അതിന്റെ പൂര്‍ത്തീകരണം നടത്തിയാണ് മധുരയിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയത്.

പ്രായോഗികസമീപനത്തിലേക്ക് എത്തിച്ച മിടുക്ക്

2018ല്‍ ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസ്, സിപിഎമ്മിലെ പ്രത്യയശാസ്ത്രപ്പോരിനാല്‍ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു. ഫാസിസ്റ്റ് ആയ ബിജെപിയെ പുറന്തള്ളാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര,ജനാധിപത്യ കക്ഷികളുടെ വിശാലസഖ്യമെന്ന അടവുനയമായിരുന്നു സീതാറാമിന്റെ ഉള്ളില്‍.  ഫാസിസ്റ്റ് എന്ന പ്രയോഗത്തിന്റെ അര്‍ഥത്തെ ഇഴകീറി നോക്കി, ഇന്ത്യന്‍ ഭരണകൂടം അതിലേക്കെത്തിയിട്ടില്ലെന്ന നിഗമനത്തില്‍ മറുപക്ഷമെത്തി. ബിജെപിയുടെ അതേ വര്‍ഗസമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസുമായി അതിനാല്‍ അടവുനയം വേണ്ടെന്നവര്‍ വാദിച്ചു.

ജനറല്‍സെക്രട്ടറിയായ യെച്ചൂരിയുടെ കരട് രാഷ്ട്രീയലൈനിനുള്ള ബദല്‍നയം കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷത്താല്‍ പാസായി. പരാജിതനായ ജനറല്‍സെക്രട്ടറിയായാണ് യെച്ചൂരി ഹൈദരബാദിലെത്തിയതെങ്കിലും അവിടെ അദ്ദേഹം വച്ച ബദല്‍പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടിനിട്ടപ്പോള്‍ ഭൂരിപക്ഷം പിന്തുണച്ചു. ഒടുവില്‍ സമവായമായി കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം വേണ്ട, ധാരണയാവാമെന്ന നിലയിലേക്ക് സിപിഎമ്മെത്തി.

2022ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയകാലാവസ്ഥ മാറിമറിഞ്ഞിരുന്നു. ഇടതുപ്രസക്തി വല്ലാതെ മങ്ങിപ്പോയ ഘട്ടം. ബിജെപിയോടുള്ള സമീപനത്തില്‍ സീതാറാമിന്റെ ലൈനിനോടുള്ള വിയോജിപ്പുകള്‍ക്കുതന്നെ പ്രസക്തിയില്ലാതായി. ആ ലൈനിന്റെ പ്രായോഗികപരീക്ഷണങ്ങളുടെ നാളുകളാണ് പിന്നീടിങ്ങോട്ട് കണ്ടത്.

ഇടതുപാര്‍ട്ടികളെയും വ്യത്യസ്ത വീക്ഷണങ്ങളുള്ള ജനാധിപത്യ മതേതര കക്ഷികളെയും ഒരു വേദിയില്‍ ഒരുമിപ്പിക്കാനുള്ള പ്രായോഗികകൗശലമാണ് സീതാറാമിനെ വേറിട്ട് നിര്‍ത്തിയതെന്ന് പ്രകാശ് കാരാട്ട് ഓര്‍ത്തു.

'സീതാറാമിന്റെ ജീവിതത്തിലെ അവസാന ഒന്നരവര്‍ഷക്കാലം ബിജെപിക്കെതിരായ മതേതര കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിനായാണ് നീക്കിവച്ചത്. അതാണൊടുവില്‍ ഇന്ത്യാബ്ലോക്കിന്റെ ഉദയത്തിലേക്കെത്തിച്ചതും. മതേതര പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ രാഷ്ട്രീയ അനിവാര്യത അദ്ദേഹം വ്യക്തമായി ബോധ്യപ്പെടുത്തി. ഒരേ സമയം കമ്യൂണിസ്റ്റിന്റെ പ്രത്യയശാസ്ത്ര ദൃഢതയും പ്രായോഗിക മുന്നണിരാഷ്ട്രീയത്തിനായുള്ള വഴക്കവും പ്രകടിപ്പിക്കാനായിയെന്നത് അദ്ദേഹത്തിന്റെ മാത്രം സവിശേഷതയായിട്ടേ വിലയിരുത്തപ്പെടൂ. കേരളത്തില്‍ നമ്മള്‍ കോണ്‍ഗ്രസിനോട് നേരിട്ടേറ്റുമുട്ടുമ്പോള്‍ തന്നെയാണ് അവരെയടക്കം വിശാലവേദിയില്‍ ഒരുമിപ്പിക്കാനുള്ള രാഷ്ട്രീയകൗശലം സീതാറാം പ്രകടിപ്പിച്ചത്'- കാരാട്ട് പറഞ്ഞു.

സീതാറാമിന്റേത് വലിയ വിടവാണെങ്കിലും രാഷ്ട്രീയശൂന്യത ദീര്‍ഘനാള്‍ തുടരില്ലെന്ന ആത്മവിശ്വാസം കാരാട്ട് പ്രകടിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും ഇന്ത്യാബ്ലോക്കിനെ നാം കണ്ടു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലുള്‍പ്പെടെ ആ കൂട്ടായ്മ ഉയര്‍ന്നുപ്രവര്‍ത്തിച്ചു. അതിനിയും തുടരും. സീതാറാം ഉയര്‍ത്തിക്കൊണ്ടുവന്ന പരീക്ഷണത്തെയും ആ പാരമ്പര്യത്തെയും വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമെന്നും കാരാട്ട് പറഞ്ഞു.

സംഘടനാരംഗത്തും പാര്‍ലമെന്ററിരംഗത്തും ഒരുപോലെ പ്രാഗല്‍ഭ്യം തെളിയിച്ച പ്രായോഗികമതിയായിരുന്നു സീതാറാം യെച്ചൂരിയെന്നാണ് അദ്ദേഹത്തോടൊപ്പം സിപിഎമ്മിന്റെ അഖിലേന്ത്യാനേതൃത്വത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച മറ്റൊരു മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍പിള്ള ഓര്‍മിപ്പിച്ചത്.