
ചെങ്കോട്ടയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പാട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകുന്ന സുരക്ഷാ ഉദ്യോഗസ്ഥർ | Photo: PTI
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദിന്റെ 'വൈറ്റ് കോളര്‍ ഭീകരസംഘം' രൂപീകരിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി കരുതപ്പെടുന്ന മൗലവി ഇര്ഫാന് അഹമ്മദിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാസമ്പന്നരായ യുവ പ്രൊഫഷണലുകളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധിപ്പിക്കുകയുമായിരുന്നു ഇര്ഫാന് അഹമ്മദിന്റെ പ്രധാന ദൗത്യമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരില്‍ നിന്ന് അറസ്റ്റിലായ ഇര്ഫാന്, തീവ്രവാദത്തിലേക്ക് തിരിയാന്‍ സാധ്യതയുള്ള, തനിക്ക് അത്തരത്തില്‍ ആകര്‍ഷിക്കാന്‍ കഴിയും എന്ന് തോന്നിയിരുന്നവരെ നിരീക്ഷിച്ചിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. അവരില്‍ നിന്ന് അനുകൂല പ്രതികരണത്തിന്റെ ആദ്യ സൂചന ലഭിച്ചാലുടന്‍ അവരെ ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇര്ഫാന് ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഹരിയാണയിലെ ഫരീദാബാദില്‍ ഡോക്ടര്‍മാരെ സംഘടിപ്പിച്ച് 'അദൃശ്യമായ' വൈറ്റ് കോളര്‍ ഭീകരസംഘം രൂപീകരിക്കുന്നതിന് മുന്‍പ്, അയാള്‍ മുസാമില്‍ ഷക്കീലിനെ കാണുകയും 'റിക്രൂട്ട്മെന്റിനായി' അയാളെ ഒരുക്കുകയും ചെയ്തു. തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനും ഭീകരാക്രമണങ്ങള്‍ നടത്താന്‍ 'ഉപയോഗിക്കാനും' കഴിയുന്ന ആളുകളെ കണ്ടെത്താന്‍ ഇര്ഫാന് അഹമ്മദ് പ്രധാനമായും മൂന്ന് തന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.
സംഭാഷണങ്ങളിലൂടെ ബന്ധങ്ങള്‍ സ്ഥാപിക്കുക എന്നതായിരുന്നു ഇര്ഫാന് അഹമ്മദിന്റെ പ്രധാന തന്ത്രം. അയാള്‍ ധാരാളം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നുവെന്ന് വൃത്തങ്ങള്‍ പറയുന്നു. കാഴ്ചയില്‍ ഒരു സാധാരണക്കാരനെപ്പോലെയാണ് ഇര്‍ഫാനെ തോന്നുക. ഇയാളുടെ സംസാരത്തിലും പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നില്ല. എന്നാല്‍ താന്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഇസ്ലാമിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ താല്‍പ്പര്യമുണ്ടോ എന്ന് അയാള്‍ വിലയിരുത്തുമായിരുന്നു.
'ലക്ഷ്യമിടുന്ന' വ്യക്തി താല്‍പ്പര്യം കാണിച്ചാല്‍, ഇര്ഫാന് അഹമ്മദ് അവരുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. ആശുപത്രിയില്‍വെച്ച് കണ്ടുമുട്ടി റിക്രൂട്ട് ചെയ്ത ആദ്യ ഡോക്ടറായ മുസാമില്‍ ഷക്കീലുമായി അയാള്‍ ചെയ്തത് ഇതാണ്. അങ്ങനെയാണ് ആ ഡോക്ടര്‍-രോഗി ബന്ധം ഒടുവില്‍ ഒരു ഭീകരസംഘമായി മാറിയത്.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരീക്ഷിക്കുക എന്നതായിരുന്നു ഇര്ഫാന് അഹമ്മദിന്റെ മറ്റൊരു തന്ത്രം. തന്നോടൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന ചില പ്രത്യേക കാഴ്ചപ്പാടുകളുള്ള ആളുകളെ കണ്ടെത്താന്‍ ഇര്ഫാന് അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിച്ചിരുന്നു.
വിഘടനവാദപരമോ തീവ്രവാദപരമോ ആയ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആരെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍, അവരുമായി ഇര്ഫാന് അഹമ്മദ് മതപരമായ കാര്യങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുമായിരുന്നു. ഈ ഭീകരസംഘത്തെ മുഴുവന്‍ വെളിച്ചത്തു കൊണ്ടുവന്നതിന് കാരണമായ അദീല്‍ അഹമ്മദ് റാഥറിനെതിരെ തന്റെ സംഘത്തില്‍ ചേര്‍ക്കാന്‍ അയാള്‍ ഈ രീതിയാണ് ഉപയോഗിച്ചത്. അദീലിനെയും ജമ്മു കശ്മീര്‍ പോലീസാണ് അറസ്റ്റുചെയ്തത്.
പള്ളിയിലെ ഹാജര്‍നില പരിശോധിക്കുക എന്നതും ഇര്ഫാന് അഹമ്മദിന്റെ മറ്റൊരു രീതിയായിരുന്നു. പതിവായി പള്ളികള്‍ സന്ദര്‍ശിക്കുകയോ പ്രാര്‍ത്ഥനകള്‍ നടത്തുകയോ ചെയ്യുന്ന വ്യക്തികളെ നിരീക്ഷിച്ച് സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുള്ളവരെ ഇര്ഫാന് തിരിച്ചറിഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പതിയെ അവരുമായി സംഭാഷണങ്ങള്‍ ആരംഭിച്ച് ഒടുവില്‍ ഭീകരസംഘത്തിലേക്ക് ആകര്‍ഷിക്കുമായിരുന്നു. അദീല്‍ അഹമ്മദ് റാഥര്‍ നിര്‍ദ്ദേശിച്ചതിന് ശേഷം ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷിനെ ഭീകരസംഘത്തില്‍ ചേര്‍ക്കാന്‍ അയാള്‍ ഈ രീതിയാണ് ഉപയോഗിച്ചത്.
ഇര്ഫാന് അഹമ്മദിന് പാകിസ്താനിലുള്ള ജെയ്ഷെ മുഹമ്മദ് പ്രവര്ത്തകന് ഹന്‍സുല്ലയുമായി ബന്ധമുണ്ടെന്ന് ഡിജിറ്റല്‍ തെളിവുകള്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയ മറ്റൊരു ജെയ്ഷെ മുഹമ്മദ് ഭീകരന് ഇയാള്‍ക്ക് രണ്ട് എകെ സീരീസ് അസോള്‍ട്ട് റൈഫിളുകള്‍ നല്‍കിയിരുന്നു. അതിലൊരു തോക്ക് മുസാമില്‍ ഷക്കീല്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ലോക്കറില്‍ നിന്നും മറ്റൊന്ന് അറസ്റ്റിലായ ഷഹീന് സയീദിന്റെ കാറില്‍ നിന്നും കണ്ടെടുത്തു.
2023 ഓഗസ്റ്റില്‍ തന്റെ പാകിസ്താനി സുഹൃത്തിനോട് അയാളുടെ യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഇര്ഫാന് അഹമ്മദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, അയാള്‍ അതോടെ മറ്റെല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ടെലിഗ്രാം ആപ്പിലൂടെ മാത്രം ബന്ധം തുടര്‍ന്നു.
ചാവേറായ ഉമര്‍ മുഹമ്മദ് ഉള്‍പ്പെടെ അറസ്റ്റിലായ എല്ലാ പ്രധാന പ്രതികള്‍ക്കും സംഘവുമായി ബന്ധപ്പെട്ട് വ്യക്തമായ റോളുകള്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമാകുന്നതെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. സാധനസാമഗ്രികള്‍ എത്തിക്കുന്നത് മുതല്‍ ബോംബ് നിര്‍മ്മാണം വരെ അവരുടെ ജോലികള്‍ വളരെ വ്യത്യസ്തമായിരുന്നു. എന്നാല്‍, ഭീകരാക്രമണങ്ങള്‍ നടത്തുക എന്ന തങ്ങളുടെ സംഘത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് എല്ലാവര്ക്കും വ്യക്തമായി അറിയാമായിരുന്നുവെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Discover how a terror module architect radicalized educated professionals. Learn his 3 key methods for identifying & recruiting candidates for white-collar terror plots.
Published: 21 Nov 2025, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented