
സ്ഫോടനസ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തുന്നു | ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. സംഭവം ചാവേർ ആക്രമണമല്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഡോ. ഉമര്‍ സ്‌ഫോടകവസ്തുക്കള്‍ കാറില്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ പൊട്ടിത്തെറിച്ചെന്ന് സംശയിക്കുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട്‌ചെയ്യുന്നത്.
സംഭവം ഐഇഡി (ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഐഇഡിയിലെ വസ്തുക്കള്‍ കൃത്യമായി സംയോജിപ്പിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതിനാൽ ഐഇഡി സ്‌ഫോടനത്തിന്റെ ആഘാതം പരിമിതപ്പെട്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട്‌ചെയ്യുന്നു. സാധാരണ ഐഇഡി സ്‌ഫോടനമുണ്ടായാല്‍ സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെടും. എന്നാല്‍, ചെങ്കോട്ടയിലെ സ്ഥലത്ത് അതുണ്ടായിരുന്നില്ല. മാത്രമല്ല, സംഭവസ്ഥലത്ത് ചീളുകളുടെയും മറ്റും സാന്നിധ്യവുമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ ഡോ. ഉമറിന്റെ കൂട്ടാളികളില്‍നിന്നാണ് 2900 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. ഇക്കാര്യമറിഞ്ഞ ഉമര്‍ പരിഭ്രാന്തനായെന്നും ഇതേത്തുടര്‍ന്ന് നേരത്തേ സൂക്ഷിച്ചുവെച്ച സ്‌ഫോടകവസ്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂട്ടാളികൾ പിടിയിലായതോടെ ഉമർ ഒളിവിൽപോയി
ചെങ്കോട്ടയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഡോ. ഉമര്‍ കഴിഞ്ഞ മൂന്നുദിവസമായി ഒളിവിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കൂട്ടാളികളായ ഡോ. ആദില്‍, ഡോ. മുസമ്മില്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഉമര്‍ ഒളിവില്‍പോയത്. ഈ ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പോലും കഴിഞ്ഞമൂന്നുദിവസമായി ഇയാളെ ബന്ധപ്പെടാനായില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട്‌ചെയ്തു.
ജമ്മു കശ്മീരിലെ പുല്‍വാമ കോയല്‍ സ്വദേശിയാണ് ഡോ. ഉമര്‍. കഴിഞ്ഞദിവസങ്ങളിലാണ് ഇയാളുടെ കൂട്ടാളികളായ ഡോക്ടര്‍മാരെ 2900 കിലോ സ്‌ഫോടകവസ്തുക്കളുമായി പോലീസ് പിടികൂടിയത്. തന്റെ കൂട്ടാളികള്‍ പോലീസ് വലയിലായെന്ന് അറിഞ്ഞതോടെ ഡോ. ഉമര്‍ ഒളിവില്‍പോവുകയായിരുന്നു.
ഡല്‍ഹിയിലെ സ്‌ഫോടനത്തിന് പിന്നാലെ ഉമറിന്റെ കശ്മീരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഉമറിന്റെ മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു. ഇവരുടെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചു. ഇവര്‍ക്കൊപ്പം കശ്മീര്‍ സ്വദേശിയും ഫരീദാബാദിലെ അല്‍ഫലാഹ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുമായ സജാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ഉമറിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമാണ്.
Content Highlights: New reports suggest the Red Fort blast wasn`t a suicide attack. Dr. Umar may have accidentally detonated explosives while transporting them in his car. Read the latest updates.
Published: 11 Nov 2025, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented