രാജ്യത്തുടനീളം വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കത്തിയ വാഹനങ്ങള്‍ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. പരിക്കേറ്റ മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്‌നലില്‍ വേഗത കുറച്ച് സഞ്ചരിക്കുകയായിരുന്ന കാറിലാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. ഫരീദാബാദില്‍ ഹരിയാണ-ജമ്മു കശ്മീര്‍ പോലീസ് സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയ സംഭവവും ചെങ്കോട്ട സ്‌ഫോടനവും ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഫരീദാബാദില്‍നിന്ന് പിടികൂടിയവരുടെ പങ്കാളിയായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി നടത്തിയ ചാവേര്‍ സ്‌ഫോടനമാണ് ചെങ്കോട്ടയിലേതെന്നാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് വിവിധ സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തുന്നുണ്ട്. ഉമര്‍ തന്നെയാണ് സ്‌ഫോടനം നടത്തിയതെന്ന് സ്ഥിരീകരിക്കുന്നതിന് ഡിഎന്‍എ പരിശോധനയടക്കം നടത്തും. ഇയാളുടെ മാതാവിനേയും സഹോദരങ്ങളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന കാറില്‍ ഉമര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. കാര്‍ ഓടിച്ചിരുന്ന ആളുടേതെന്ന് സംശയിക്കുന്ന അറ്റുപോയ കൈ സംഭവസ്ഥലത്ത് നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച തലസ്ഥാനത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ഡേക, ഡല്‍ഹി പോലീസ് കമ്മിഷണര്‍ സതീഷ് ഗോല്‍ച്ച, എന്‍ഐഎ ഡിജി സദാനന്ദ് വസന്ത് ദാത്തെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാതും വെര്‍ച്വലായി യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍, സ്‌ഫോടനത്തിന് ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായ അവതരണം നടത്തിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഉന്നത അന്വേഷണ ഏജന്‍സികള്‍ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
Content Highlights: Delhi Red Fort Blast: Death Toll Rises to 12 Amidst Intensified Investigation
Published: 11 Nov 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented