ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിൽ വലഞ്ഞ് ജനം. അടുത്ത നാലോ അഞ്ചോ ദിവസം നിലവിലെ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ഡൽഹിയിലും സമീപ നഗരങ്ങളിലും കനത്തമൂടൽമഞ്ഞുണ്ടായ സാഹചര്യത്തിൽ ഗതാഗതസംവിധാനങ്ങൾ സ്തംഭിച്ചു. ഡൽഹിയിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 3.5 ഡിഗ്രി ആയിരുന്നു.
ദൂരക്കാഴ്ച കുറവായതോടെ ഞായറാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിയിരുന്ന പത്തു വിമാനങ്ങളാണ് ജയ്പുരിലേക്ക് തിരിച്ചുവിട്ടത്. വിദേശ സർവീസുകൾ ഉൾപ്പെടെ നൂറോളം വിമാനങ്ങൾ വൈകി. ചിലത് റദ്ദാക്കി. പുലർച്ചെ 4.30-നും 12-നും ഇടയിൽ ഇറങ്ങേണ്ട രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ പത്തെണ്ണമാണ് വഴിതിരിച്ചുവിട്ടത്.
ഡൽഹിയിൽനിന്ന് വാൻകൂവറിലേക്കുള്ള എയർ ഇന്ത്യ വിമാനം ഞായറാഴ്ച പുലർച്ചെ 5.15-ന് യാത്രക്കാരെ കയറ്റി ടേക്ക്ഓഫിന് തയ്യാറായെങ്കിലും എട്ടുമണിക്കൂറിനുശേഷം റദ്ദാക്കി. ഫ്രാങ്ക്ഫുർട്ടിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാവിലെ 7:48-ന് വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും പ്രതികൂലമായ കാലാവസ്ഥകാരണം രണ്ടരമണിക്കൂർ കഴിഞ്ഞാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനായത്. പാർക്കിങ് സ്ഥലം നിറഞ്ഞതാണ് കാരണം.
യാത്രക്കാർ വിമാന കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് യാത്രയുടെ വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് തിരിക്കാവൂ എന്ന് ഡൽഹി എയർപോർട്ടിൽനിന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. 22 തീവണ്ടികൾ വൈകിയോടുകയാണ്. നിർമാണപ്രവർത്തനങ്ങൾക്കും വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.
ഡൽഹിയിൽ മൂന്നുദിവസമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശൈത്യം കണക്കിലെടുത്ത് പഞ്ചാബിലും ഹരിയാണയിലും മുന്നറിയിപ്പുണ്ട്. ഡൽഹിയിൽ പ്രൈമറി സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നുമുതൽ ക്ലാസുകൾ പുനരാരംഭിക്കും. എന്നാൽ, രാവിലെ ഒൻപതിനുമുമ്പ് ക്ലാസുകൾ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
ബെംഗളൂരുവിൽ 44 വിമാനങ്ങൾ വൈകി
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട 44 വിമാനങ്ങൾ വൈകി. ഡൽഹിയിലേക്കുമാത്രം ഏഴു വിമാന സർവീസുകളാണ് മൂടൽമഞ്ഞുകാരണം വൈകിയതെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു.
Content Highlights: Delhi Records Coldest Day Season
Published: 15 Jan 2024, 10:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented