ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയ്‌ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി മുതിര്‍ന്ന ബിജെപി നേതാവ് രമേഷ് ബിധുരി. ഡെല്‍ഹിയുടെ വീഥികളിലൂടെ അതിഷി ഒരു മാനിനെ പോലെ ഓടി നടക്കുന്നു എന്നാണ് ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന റാലിയില്‍ രമേഷ് ബിധുരി പറഞ്ഞത്. നേരത്തേയും ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോള്‍ ബിധുരി ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. അത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുംമുമ്പാണ് വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി ബിജെപി നേതാവ് രംഗത്തെത്തിയത്. 

To advertise here,

'ഡല്‍ഹിയിലെ തെരുവുകളില്‍ക്കിടന്ന് ഇവിടുത്തെ ജനങ്ങള്‍ നരകിക്കുകയാണ്. തെരുവുകളുടെ അവസ്ഥ നോക്കൂ.. കഴിഞ്ഞ നാലുവര്‍ഷമായി അതിഷി ഈ തെരുവുകളിലേക്ക് ഇറങ്ങുകയോ ഇവിടെയുള്ള ജനങ്ങളെ കാണാന്‍ എത്തുകയോ ചെയ്തിട്ടില്ല. എന്നലിപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ അവര്‍ ഡല്‍ഹിയിലെ തെരുവുകളിലൂടെ ഓടിനടക്കുകയാണ്, ഒരു മാന്‍ എങ്ങനെയാണോ കാട്ടിലൂടെ ഓടിനടക്കുന്നത് അതുപോലെയാണ് ഡല്‍ഹി മുഖ്യമന്ത്രി ഈ തെരുവുകളിലൂടെ ഓടിനടക്കുന്നത്,' എന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. 

നേരത്തെ, ജനുവരി ആറിന് ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അതിഷിക്കെതിരെ ബിധുരി മോശം പരാമര്‍ശം നടത്തിയത്. കുറച്ചുകാലം മുമ്പുവരെ അതിഷിയുടെ പേരിനൊപ്പം മര്‍ലീന എന്നായിരുന്നു ഉണ്ടായിരുന്നത്, ഇപ്പോഴത് സിംഗ് എന്നാക്കി മാറ്റിയിരിക്കുന്നു, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം പിതാവിന്റെ പേരുപോലും മാറ്റുന്ന ആംആദ്മി നേതാക്കളുടെ പൊതുസ്വഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു ബിധുരിയുടെ അധിക്ഷേപം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. 

അതിനുമുമ്പ്, പ്രിയങ്കാ ഗാന്ധിക്കെതിരെയും ബിധുരി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെയാക്കും എന്നായിരുന്നു ബിധുരിയുടെ വാക്കുകള്‍. ഫെബ്രുവരി ആഞ്ചിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ കല്‍ക്കാജി മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയാണ് ബിധുരിയ ആംആദ്മി സ്ഥാനാര്‍ഥിയായി അതിഷിയും ഇതേ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. അതേസമയം, സംഭവത്തില്‍ ആംആദ്മി നേതാക്കളാരും ഇതുവരെയും പ്രതികരിച്ചിട്ടില്ല.