ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക കുംഭകോണത്തിൽ വിവാദം ചൂടുപിടിക്കുന്നതിനിടെ ക്ഷേത്രത്തിന്റെ ഭരണനിർവ്വഹണത്തിനായി ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാൻ ക്ഷേത്ര നിർമ്മാണ സമിതി ഒരുങ്ങുന്നതായി റിപ്പോർട്ട്. രാമക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ് മിശ്ര മുഴുവൻസമയ സിഇഒ ആയേക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ- ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ബാക്കിയുള്ള എല്ലാം സുരക്ഷിതമായിരിക്കുമെന്നും ഉറപ്പുവരുത്തുമെന്നും ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ടുയരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ഭാവിയിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.

ക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തുവന്നതിന് പിന്നാലെ എട്ടുപേർക്കെതിരേ ഉത്തർപ്രദേശ് പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാദത്തിന് പിന്നാലെ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വിഎച്ച്പി നേതാവ് ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജിവെച്ചിരുന്നു.

ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിന് പിന്നാലെ സംഭവം അന്വേഷിക്കുന്നതിന് യു.പി. സർക്കാർ ഈ മാസം 13-ന് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് എട്ടുപേരുടെ അറസ്റ്റും ട്രസ്റ്റ് അംഗങ്ങളുടെ രാജിയും ഉണ്ടായത്.

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമായി ഉയരുന്നുണ്ട്. സംഭാവന മോഷണത്തിനു പിന്നിൽ ക്ഷേത്ര ജീവനക്കാർ മാത്രമല്ലെന്നും ഇവർക്ക് പിന്നിൽ ‘വൻ സ്രാവുകളു’ണ്ടെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു