ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിദ്യാഭ്യാസ പശ്ചാത്തലത്തേക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. കേംബ്രിഡ്ജ് സര്‍വകലാശാലയിലും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലും രാജീവ് പരാജയപ്പെട്ടുവെന്ന് അയ്യര്‍ പറയുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍നിന്നുള്ളതാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന ഭാഗം. 'ഇന്ദിരയുടെ പേര് എല്ലാവര്‍ക്കും അറിയാം. അതുപോലെ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ ആളുകള്‍ ചിന്തിച്ചു, മറ്റുള്ളവരെ വിട്ടേക്കൂ. ഞാനും ചിന്തിച്ചു. ഇദ്ദേഹം എയര്‍ലൈന്‍ പൈലറ്റാണ്. രണ്ടുതവണ പരാജയപ്പെട്ടു കഴിഞ്ഞയാളാണ്. കേംബ്രിഡ്ജില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ പഠിച്ചിട്ടുണ്ട്. അവിടെ തോറ്റു. കേംബ്രിഡ്ജില്‍ തോറ്റുപോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫസ്റ്റ് ക്ലാസ് ലഭിക്കുക എളുപ്പമാണ്. എന്നാല്‍ പരാജയപ്പെടുക വളരെ ബുദ്ധിമുട്ടാണ്. കാരണം, സര്‍വകലാശാല അവരുടെ പ്രതിച്ഛായ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി എല്ലാവരെയും പാസാക്കി വിടാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെയായിരിക്കെയും രാജീവ് പരാജയപ്പെട്ടു. പിന്നീട് ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ ചേര്‍ന്നു. അവിടെ വീണ്ടും പരാജയപ്പെട്ടു. ഞാന്‍ വിചാരിച്ചു, ഇങ്ങനയെുള്ള ആള്‍ എങ്ങനെ പ്രധാനമന്ത്രിയാകുമെന്ന്', എന്നാണ് മണിശങ്കര്‍ അയ്യര്‍ പറയുന്നത്.
ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായി രാജീവ് ഗാന്ധി പാടുപെട്ടിരുന്നു. പാസാകുക എന്നത് താരതമ്യേന എളുപ്പമായ കേംബ്രിഡ്ജില്‍ പോലും അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹം പിന്നീട് ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ ചേര്‍ന്നെങ്കിലും അവിടെയും പരാജയപ്പെട്ടു. അദ്ദേഹത്തിന്റേതുപോലെ വിദ്യാഭ്യാസ ചരിത്രമുള്ള ഒരാള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ എങ്ങനെ കഴിയുമെന്ന് പലരും ചോദിച്ചിരുന്നു. മുഖാവരണം നീക്കംചെയ്യപ്പെടട്ടെ, എന്നായിരുന്നു വീഡിയോ പങ്കുവെച്ചുള്ള കുറിപ്പില്‍ അമിത് മാളവ്യ പറഞ്ഞത്.
മണിശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് അജയ് സിങ് യാദവിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു- മണി ശങ്കര്‍ അയ്യര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു പ്രസക്തിയുമില്ല. ഏതെങ്കിലും നിര്‍ണായക സ്ഥാനം അദ്ദേഹം വഹിക്കുന്നുനില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് വലിയ ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ല.
Content Highlights: rajiv failed in cambridge and imperial college says mani shankar aiyar
Published: 06 Mar 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented