ജയ്പുർ: രാഷ്ട്രീയ അസ്വരാസ്യങ്ങൾക്കിടയിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ​ഗഹ്‍ലോതുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്. പിതാവ് മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ  25-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലേക്ക് ഗഹ്‍ലോതിനെ ക്ഷണിക്കുന്നതിനാണ് സച്ചിനെത്തിയത്. ഗഹ്‍ലോതിന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

To advertise here,

ബുധനാഴ്ച നടക്കുന്ന പരിപാടിയിലേക്ക് ഗഹ്‍ലോതിനെ ക്ഷണിക്കാൻ മാത്രമായിരുന്നു സന്ദർശനമെന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സച്ചിൻ പൈലറ്റ് പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രം സച്ചിൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

താനും രാജേഷ് പൈലറ്റും 1980-ൽ ഒരുമിച്ച് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും 18 വർഷം നീണ്ടുനിന്ന ദീർഘകാല ബന്ധമാണ് തമ്മിലുണ്ടായിരുന്നതെന്നും കൂടിക്കാഴ്ചയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അശോക് ​ഗഹ്‍ലോത് എക്സിൽ കുറിച്ചു. രാജേഷ് പൈലറ്റിന്റെ അപ്രതീക്ഷിത മരണം ഇപ്പോഴും തന്നെ ദുഃഖിപ്പിക്കുന്നുവെന്നും അത് കോൺഗ്രസിന് വലിയൊരു തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം രാജസ്ഥാനിൽ പാർട്ടിയെ പുനരുജ്ജീവിപ്പിച്ച സച്ചിൻ പൈലറ്റിന് 2018 ലെ തിരഞ്ഞെടുപ്പ് വിജയത്തോടെ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ പൈലറ്റിനെ മറികടന്ന് ഗഹ്‍ലോത് മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയും പാർട്ടിക്കുള്ളിൽ രാഷ്ട്രീയ എതിരാളികളാവുകയും ചെയ്തു. 

ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ രാജസ്ഥാൻ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾക്ക് വഴിതുറക്കുകയും ഇരുവിഭാ​ഗങ്ങളായി തിരിയുകയും ചെയ്തിരുന്നു. ബുധനാഴ്ച നടക്കുന്ന പരിപാടിയിൽ ഗഹ്‍ലോത് പങ്കെടുക്കുകയാണെങ്കിൽ സംസ്ഥാന കോൺ​ഗ്രസിൽ മഞ്ഞുരുകൽ സാധ്യതയാണ് തുറക്കപ്പെടുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. ഗഹ്‍ലോത് പങ്കെടുത്തില്ലെങ്കിൽ മുതിർന്ന നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ച സച്ചിൻ പൈലറ്റിന് അത് ​ഗുണകരമാകുകയും ചെയ്യും.