ന്യൂഡല്‍ഹി:ഡല്‍ഹി ആസാദ്പുരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ആസാദ്പുരില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് രാഹുലെത്തിയത്. വിലക്കയറ്റത്തെ കുറിച്ച് വ്യാപാരികളോട് സംസാരിച്ച രാഹുല്‍ പച്ചക്കറികളുടെ നിലവിലെ വിപണിവിലനിലവാരം ചോദിച്ചറിയുകയും ചെയ്തു. 

To advertise here,

മിക്ക പച്ചക്കറികളുടെയും അടിസ്ഥാനവില 100 രൂപയോളമാണെന്ന് വ്യാപാരികള്‍ രാഹുലിനോട് പറഞ്ഞു. തക്കാളി വില 200 കടന്നെന്നും വിലക്കയറ്റം വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നതെന്നും വ്യാപാരികള്‍ വ്യക്തമാക്കി. വില വര്‍ദ്ധന രൂക്ഷമായതോടെ കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങാനാകാത്ത സാഹചര്യമാണെന്നും പല ദിവസങ്ങളിലും 200 രൂപ പോലും വരുമാനമുണ്ടാക്കാന്‍ കഴിയുന്നില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. 

നേരത്തെ സാധാരണക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും രാജ്യം രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെടുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒരുവശത്ത് പിടിപാടുള്ളവരെ അധികാരികള്‍ സംരക്ഷിക്കുമ്പോള്‍ മറുവശത്ത് അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിനു പോലും വഴി കണ്ടെത്താനാകാതെ സാധാരണക്കാര്‍ വലയുകയാണെന്നും രാഹുല്‍ കുറിച്ചു. വിലകയറ്റം ദുരിതത്തിലാക്കിയ ഒരു പച്ചക്കറി വ്യാപാരിയുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. 

കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കു ശേഷം രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് രാഹുല്‍ ഡല്‍ഹിയിലെത്തിയത്.