
പാലക്കാട്: മലയാളിക്ക് ഓണമുണ്ണാൻ ഇക്കുറി വലിയ വിലകൊടുക്കേണ്ടി വരുമോ...? പച്ചക്കറികളുടെ ഇപ്പോഴുള്ള വിലകേട്ടാൽ ഇങ്ങനെ തോന്നിപ്പോകും. ഓണത്തിന് ഒന്നര ആഴ്ചമാത്രം ശേഷിക്കേ, കുതിച്ചുയരുകയാണ് പച്ചക്കറിവില. മിക്ക ഉത്പന്നങ്ങൾക്കും ഒരാഴ്ചയ്‌ക്കിടെ കിലോയ്ക്ക് മൂന്നുരൂപമുതൽ 10 രൂപവരെ ഉയർന്നു. വെണ്ടയ്ക്കും തക്കാളിക്കുമെല്ലാം ചില്ലറവിപണിയിൽ വില 60 രൂപയോളമെത്തി. ഉപ്പേരിക്കുള്ള നാടൻ പച്ചപ്പയറിന് 70 രൂപയാണ് വില.
ഓണക്കാലത്ത് പച്ചക്കറിവില ആളുകളുടെ പോക്കറ്റ് കാലിയാക്കാനിടയുണ്ടെങ്കിലും വിലകൂടിയതോടെ വലിയ പ്രതീക്ഷയിലും അതുപോലെതന്നെ നിരാശയിലുമാണ് ജില്ലയിലെ പച്ചക്കറിക്കർഷകർ. മികച്ച വിലകിട്ടുന്നത് ആഹ്ലാദിപ്പിക്കുന്നുണ്ട്. എന്നാൽ മഴയിൽ കൃഷിനശിച്ചതും വിളവ് കുറഞ്ഞതും തിരിച്ചടിയാകുന്നുണ്ടെന്ന് ഇവർ പറയുന്നു.
ജില്ലയിൽ 1,761.30 ഹെക്ടറിൽ ഇക്കുറി പച്ചക്കറിക്കൃഷി ഇറക്കിയിട്ടുണ്ടെന്നാണ് കൃഷിവകുപ്പിൻറെ കണക്ക്. വെണ്ട, പാവൽ, പടവലം, തക്കാളി, പയർ, കുമ്പളം, വഴുതന, മത്തൻ എന്നിവയെല്ലാമാണ് പ്രധാന ഇനങ്ങൾ. 32,052 മെട്രിക് ടൺ വിളവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത്രയും ഉറപ്പില്ല. ‘ഓണസമൃദ്ധി-ഓണവിപണി’ എന്ന പേരിൽ ജില്ലയിൽ ആരംഭിച്ച 94 ഓണവിപണിയിലേക്കടക്കം ഈ പച്ചക്കറികളാണ് എത്തിക്കുന്നത്. എന്നാൽ, ചന്തകളിലേക്ക് നൽകാൻ പ്രതീക്ഷിച്ച വിളവില്ലെന്ന സങ്കടമാണ് പ്രാദേശിക കർഷകർക്കുള്ളത്.
തക്കാളിയ്ക്ക് വിലയുണ്ട്; പക്ഷേ, കൊടുക്കാനില്ല
വടകരപ്പതി മഞ്ചക്കുന്നിലെ തോട്ടത്തിൽ പാകമായ തക്കാളി പറിച്ച് തരംതിരിക്കയാണ് മൂന്ന് സ്ത്രീ തൊഴിലാളികൾ. ‘‘ഓണമെല്ലാം ആച്ച്. ആനാൽ തക്കാളി പോതാത്’’ - തൊഴിലാളികളിലൊരാളായ മൈലാത്ത (71) പറഞ്ഞു. ‘‘എല്ലാ ഓണക്കാലത്തും തക്കാളി ത്തോട്ടത്തിൽ പണികൂടും. വിളവെടുപ്പിനുമാത്രം അഞ്ചോ ആറോ തൊഴിലാളികളുണ്ടാവും. ഇക്കുറി തക്കാളി കുറവാണ്. മഴ ശക്തിപ്പെട്ടതിനാൽ ചെടികളിൽ പലതും ചീഞ്ഞു. കിട്ടുന്ന തക്കാളികളിൽ പലതിനും കേടുമുണ്ട്’ -മൈലാത്ത പറഞ്ഞു.
‘‘കിലോയ്ക്ക് 40 രൂപവരെ വില കിട്ടുന്നുണ്ട്. പക്ഷേ, കൊടുക്കാൻ സാധനമില്ലല്ലോ’’ -തോട്ടമുടമയും കർഷകനുമായ പി.എൻ. ഷൺമുഖസുന്ദരവും സങ്കടം പറഞ്ഞു.
“ഒന്നരയേക്കറിലാണ് എനിക്ക് കൃഷി. ഓണക്കാലത്ത് 21,000 കിലോയിലധികം വിളവെടുത്ത പാടത്ത് ഇപ്പോൾ 15,000 കിലോപോലും തികച്ച് കിട്ടാനില്ല. വളരെ ചുരുക്കം തോട്ടങ്ങളിലേ ഇക്കുറി തക്കാളിക്കൃഷിയുള്ളൂ” -ഷൺമുഖസുന്ദരം പറഞ്ഞു.
പ്രതീക്ഷതെറ്റിച്ച് മഴ പെയ്തു
അച്ഛൻ വേലുച്ചാമിയുടെ കൃഷിപാഠംകണ്ടുവളർന്ന വടകരപ്പതി കെരാംപാറയിലെ കർഷകൻ വി. രാമസ്വാമിക്ക് (52) ഓരോ ഓണക്കാലവും പ്രതീക്ഷകളുടേതാണ്. ഇതേ പ്രതീക്ഷയോടെയാണ് മൂന്നുമാസം മുമ്പ് 30 സെന്റിൽ പച്ചമുളക് കൃഷിയിറക്കിയത്. പക്ഷേ, മഴ പ്രതീക്ഷ തെറ്റിച്ചെന്ന് രാമസ്വാമി പറഞ്ഞു. “കനത്തമഴയിൽ ചെടിയിൽ പൂവിടുന്നത് കുറഞ്ഞതോടെ വിളവും കുറഞ്ഞു. 200 കിലോവരെ പ്രതീക്ഷിച്ച തോട്ടത്തിൽനിന്ന് ഇക്കുറി 150 കിലോയെങ്കിലും കിട്ടുമോയെന്ന് ഉറപ്പില്ല. കുറച്ചുദിവസമായി മഴനിന്നതിനാൽ ചെടികൾ ജീവൻവീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 100 കിലോ വിളവെടുക്കാനായെങ്കിലും ഓണത്തിന് എത്രകിട്ടുമെന്ന് അറിയില്ല. കിലോയ്ക്ക് 60 രൂപവരെ വിലകിട്ടുമ്പോഴും നൽകാൻ സാധനമില്ലാതെ സങ്കടപ്പെടുത്തുന്നു” - രാമസ്വാമി പറഞ്ഞു.
ബികോം കഴിഞ്ഞ് കിട്ടിയജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയ യുവകർഷകൻ എൻ. നവീൻകുമാർ (22) തിരിച്ചടിനേരിട്ടത് വെണ്ടക്കൃഷിയിലാണ്. മാർച്ചിൽ ഇറക്കിയ ചെടികളിൽ വിളവ് വന്നുതുടങ്ങിയപ്പോഴാണ് മഴയെത്തിയത്. ഇതോടെ വിളവുകുറഞ്ഞു. 200 കിലോഗ്രാം പ്രതീക്ഷിച്ചിടത്ത് കിട്ടിയത് വെറും 50 കിലോ വെണ്ടയ്ക്ക. ഓണത്തിന് മുൻപുതന്നെ വിളവെടുപ്പ് നിലച്ചതോടെ പ്രതീക്ഷമങ്ങി. വീണ്ടും കൃഷിയിറക്കിയെങ്കിലും ഓണത്തിന് വിളവെടുക്കാനാവില്ലെന്നും ഓണംകഴിഞ്ഞ് വിലകിട്ടുമോയെന്ന് അറിയില്ലെന്നും കർഷകൻ പറഞ്ഞു.
വെള്ളംകെട്ടിനിന്ന് പന്തൽ കൃഷികൾ നശിച്ചു
‘‘ഞങ്ങളുടെ പാവയ്ക്കക്ക് വിഎഫ്പിസികെയിൽ 36 രൂപവരെ വിലകിട്ടുന്നുണ്ട്. പയറിനും 60 രൂപവരെ വിലയുണ്ട്. പക്ഷേ, എന്തുചെയ്യാൻ, കൊടുക്കാൻ മതിയായ പച്ചക്കറിയില്ല’’ - എലവഞ്ചേരി പൊതിപ്പാടത്തെ കർഷകൻ കെ. മധുസൂദനൻ നിരാശയോടെ പറഞ്ഞു. അഞ്ചേക്കറിൽ പടവലവും പാവലും കൃഷിയിറക്കിയ മധുസൂദനന്റെ തോട്ടത്തിലെ അരയേക്കർ പടവലം മഴകവർന്നു. പാവയ്ക്ക 25 ടൺ വിളവുകിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 10 ടൺപോലും കിട്ടുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ ഇക്കുറി തുടക്കംമുതലേ ചതിച്ചു. മിക്കയിടത്തും വെള്ളംകെട്ടിനിന്ന് പന്തൽ കൃഷികൾക്ക് നാശമുണ്ടായിട്ടുണ്ട്. നഷ്ടം സഹിച്ചാലും നല്ലവില കിട്ടുമ്പോൾ സാധനം വിപണിയിലെത്തിക്കാൻ കഴിഞ്ഞാലേ മെച്ചമുണ്ടാകൂ. ഇക്കുറി ഓണക്കാലത്ത് പലർക്കും അതിന് കഴിഞ്ഞിട്ടില്ല. ഈ ഓണക്കാലത്തും ലാഭം തമിഴ്നാട്ടുകാർക്കാവുമെന്ന് തന്നെയാണ് കരുതുന്നത്.
Content Highlights: Onam vegetable prices rise sharply in Kerala, impacting consumers
Published: 25 Aug 2025, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented