ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നീക്കം. സമ്മേളനത്തിലേക്ക് രാഹുലിനെ ക്ഷണിക്കാൻ വിജയ് തീരുമാനിച്ചെന്നാണ് ടി.വി.കെ. വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
രാഹുലിനെക്കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരേയും വിജയ് ക്ഷണിച്ചേക്കും. രാഹുലിനെ മാത്രമായി ക്ഷണിക്കുന്നെന്ന പ്രചാരണം ഒഴിവാക്കാനാണ് ഈ നീക്കമെന്നും പറയപ്പെടുന്നു.
ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., ബി.ജെ.പി. തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ചടങ്ങിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, കമല്‍ഹാസന്റെ നേതൃത്വത്തില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ രൂപീകരണസമയത്ത് അരവിന്ദ് കെജ്രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.
രാഹുൽ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് വിജയ് രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കുന്നതെന്ന ആരോപണം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്. രാഹുലുമായി അടുപ്പംപുലർത്തിയിരുന്ന വിജയ് 2009-ൽ കോൺഗ്രസിൽച്ചേരാൻ ഒരുങ്ങിയതാണ്. എന്നാൽ, പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.
രാഷ്ട്രീയത്തിൽ വിജയ്ക്ക് ഏറ്റവും താത്പര്യമുള്ള നേതാവ് രാഹുലാണെന്നും അതിനാലാണ് അദ്ദേഹത്തെ ടി.വി.കെ.യുടെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നതെന്നുമാണ് ടി.വി.കെ. നേതാക്കൾ പറയുന്നത്.
ഇന്ത്യസഖ്യത്തിൽ പ്രധാനകക്ഷിയായ ഡി.എം.കെ.യെ എതിർത്തുകൊണ്ടാണ് വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നത്. അതിനാൽ വിജയ് ക്ഷണിച്ചാൽ രാഹുൽഗാന്ധി സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ഇതേസമയം, ബി.ജെ.പി.യുമായി ഡി.എം.കെ. അടുക്കുന്നെന്ന പ്രചാരണം ശക്തമായതിനാൽ വിജയ്യുടെ യോഗത്തിൽ രാഹുൽ പങ്കെടുക്കാനുള്ള സാധ്യത തള്ളിക്കളയാൻകഴിയില്ല.
വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ഈ മാസം 23-ന് പൊതുസമ്മേളനം നടത്താനാണ് വിജയ് ഒരുങ്ങുന്നത്. എന്നാൽ, ഇതുവരെ പോലീസ് അനുമതിനൽകിയിട്ടില്ല.
Content Highlights: Rahul Gandhi To Be Part Of Actor Vijay Led TVK Party, Reports
Published: 04 Sept 2024, 09:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented