ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ, യുവാക്കളോട് സമരം തുടരാൻ ആവശ്യപ്പെട്ടു. ഒപ്പമുണ്ടെന്ന ഉറപ്പും രാഹുൽ യുവാക്കൾക്ക് നൽകി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസ്സിനുമെതിരെ ഞാൻ ഒരു ദശാബ്ദത്തിലേറെയായി പോരാട്ടം നടത്തിവരികയാണ്. കൈവെള്ളയെന്ന പോലെ അവരുടെ ഉള്ളും പുറവും എനിക്കറിയാം. ഈ ആളുകളുടെ പ്രധാന സ്വഭാവം ഭീരുത്വമാണ്. നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് ഈ കഥയിലെ വില്ലന്മാർ. അവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ആ ഇടങ്ങൾ അടച്ചുകൊണ്ടിരിക്കുകയാണ്.' -രാഹുൽ ഗാന്ധി പറഞ്ഞു.

'മിസ്റ്റർ മോദീ, നിങ്ങൾ എന്തുവേണമെങ്കിലും ചെയ്‌തോളൂ. എല്ലാ പോലീസുകാരെയും വിളിക്കൂ. അത് പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ എത്രയെങ്കിലുമോ ആകട്ടെ. എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്യൂ. എല്ലാ യുവാക്കളേയും അറസ്റ്റ് ചെയ്യൂ. ഞങ്ങളെയെല്ലാവരേയും അറസ്റ്റ് ചെയ്യൂ. ഞങ്ങൾ നിങ്ങളെ എല്ലാ വശത്തുനിന്നും വളഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ പിന്നോട്ട് പോകില്ല. എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, ഞങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഇതിനകം ഞങ്ങളുടെ കൈയിലുണ്ട്.' -രാഹുൽ തുടർന്നു.

'നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനായി പോകുകയാണ് ഞങ്ങൾ. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം സംരക്ഷിക്കാനായി പോകുകയാണ് ഞങ്ങൾ. കഴിഞ്ഞ പത്തുപതിനഞ്ച് വർഷമായി ഇന്ത്യയോട് ചെയ്ത കാര്യങ്ങൾ ഇനിയൊരിക്കലുമുണ്ടാകില്ല എന്നും ഞങ്ങൾ ഉറപ്പുവരുത്തും. ഇന്ത്യയിലെ യുവാക്കളേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. സമരം ചെയ്യുന്നത് തുടരുക. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. നമ്മുടെ ഭരണഘടനയെ ആക്രമിച്ചവരേയും ഈ ഭരണകൂടത്തേയും പരാജയപ്പെടുത്തുമെന്നും ഞങ്ങൾ ഉറപ്പാക്കും.' -പ്രതിപക്ഷനേതാവ് പറഞ്ഞുനിർത്തി.