വാരാണസി: പാർലമെന്റിന് മുന്നിലെ പ്രതിഷേധത്തിനിടെ സനാതന ധർമ്മത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മറ്റ് രണ്ട് എംപിമാർക്കുമെതിരെ കേസെടുത്ത് വാരണാസി പോലീസ്. എംപിമാരായ രാഹുൽ ഗാന്ധി, പപ്പു യാദവ്, അവധേഷ് പ്രസാദ് എന്നിവർ ചേർന്ന് നടത്തിയ ഒരു പ്രതിഷേധ നാടകത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി.

To advertise here,

ഏതാനും സന്യാസിമാർ കോട്‌വാലി പോലീസ് സ്റ്റേഷനിൽ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശനിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്ന് കാശി സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗൗരവ് ബൻസ്വാൾ അറിയിച്ചു. കാവി വസ്ത്രം ധരിച്ച് പപ്പു യാദവ് നടത്തിയ പ്രതീകാത്മകമായ 'ചന്ദാ ചോരി' പ്രതിഷേധത്തിൽ മറ്റ് നേതാക്കളും പങ്കുചേരുകയായിരുന്നു.

ബിഹാറിലെ പൂർണിയ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്. അവധേഷ് പ്രസാദ് ഉത്തർപ്രദേശിലെ ഫൈസാബാദ് സീറ്റിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപിയാണ്. അയോധ്യയിലെയും വാരണാസിയിലെയും വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ നാടകത്തിലെ പ്രകടനം മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തിനും, ജൂലൈ 20-ലെ പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥി സമരക്കാർക്കെതിരെയുണ്ടായ പോലീസ് നടപടിക്കുമെതിരെ വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള 'ഇന്ത്യ' (INDIA) മുന്നണി എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ക്ഷേത്രത്തിലെ സംഭാവന മോഷണം ഉയർത്തിക്കാട്ടാനായാണ് പ്രതിപക്ഷ എംപിമാർ ഒരു പ്രതീകാത്മക നാടകം അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി പാർലമെന്റിലെ മകർ ദ്വാറിലേക്കുള്ള പടികൾക്ക് മുന്നിൽ ഇവർ സംഭാവന പെട്ടികൾ സ്ഥാപിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ പെട്ടികളിൽ പണം നിക്ഷേപിക്കുകയും, പെട്ടികൾക്ക് സമീപം കാവി വസ്ത്രം ധരിച്ചിരുന്ന പപ്പു യാദവ് ഈ പണം സ്വന്തം പോക്കറ്റിലിടുകയും ചെയ്യുന്ന തരത്തിലായിരുന്നു നാടകം.

പപ്പു യാദവ് ശ്രീരാമനെയും സനാതന ധർമ്മത്തെയും അപമാനിച്ച രീതി ക്ഷമിക്കാനാവാത്ത കുറ്റമാണെന്ന് സന്യാസിയായ ബാലക് ദാസ് പറഞ്ഞു. 'സനാതന ധർമ്മത്തിന്റെ ഒരു അനുയായിക്കും ഈ പ്രവൃത്തി മറക്കാനാവില്ല. ഇത് ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്.' അദ്ദേഹം പറഞ്ഞു.