ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പട്ടോളെ. രാഹുൽ ഗാന്ധി ചെയ്യുന്നത് ശ്രീരാമന്റെ പ്രവർത്തനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഇതുവരെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേയായിരുന്നു പട്ടോളെയുടെ പരാമർശം.

To advertise here,

പീഡിപ്പിക്കപ്പെടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നീതി ഉറപ്പാക്കുക എന്നതായിരുന്നു ശ്രീരാമന്റെ കർമ്മം. രാഹുൽ ഗാന്ധിയും ഇപ്പോൾ അത് തന്നെയാണ് ചെയ്യുന്നത്. രാമക്ഷേത്രത്തിൽ പോയി ഫോട്ടോ സെഷനുകൾ നടത്തുന്നതിനേക്കാൾ ഇത്തരം സേവനങ്ങൾ ചെയ്യാനാണ് രാഹുൽ ഗാന്ധി താല്പര്യപ്പെടുന്നത്. പട്ടോളെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂട്ട് തുറക്കുന്നതിന് പിന്നിൽ രാജീവ് ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

പട്ടോളെയുടെ ഈ താരതമ്യത്തെ ബിജെപി പരിഹസിച്ചു. അമിതമായ മുഖസ്തുതിയാണിതെന്നും ഇത്തരം പ്രസ്താവനകൾ ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. രാമക്ഷേത്രം നിർമ്മിക്കരുതെന്ന് പറഞ്ഞവരും രാമക്ഷേത്രത്തിലെ 'പ്രാണ പ്രതിഷ്ഠാ' ചടങ്ങിനെ ആക്ഷേപിച്ചവരുമാണ് ഇപ്പോൾ ഇത്തരം താരതമ്യങ്ങൾ നടത്തുന്നതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.