ന്യൂഡല്‍ഹി: വോട്ടുതട്ടിപ്പ് ആരോപണങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ചട്ടപ്രകാരം തെളിവുനല്‍കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ഭിന്നാഭിപ്രായമുയരുന്നു. രാഹുല്‍ഗാന്ധിയോട് സത്യവാങ്മൂലം സഹിതം തെളിവ് ചോദിച്ച കമ്മിഷന്റെ നടപടി നിയമപ്രകാരം ശരിയായ നടപടിയാണെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. ഗോപാലസ്വാമി മാതൃഭൂമിയോട് പറഞ്ഞു. എന്നാല്‍, ചട്ടപ്രകാരം അത് കരട് വോട്ടര്‍പട്ടികയിന്മേല്‍ ആക്ഷേപമറിയിക്കാന്‍ മാത്രമുള്ള വ്യവസ്ഥയാണെന്നും രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പ്രസക്തമല്ലെന്നുമാണ് എതിര്‍ക്കുന്നവരുടെ വാദം.

To advertise here,

നോട്ടീസ് 20(3)(ബി) പ്രകാരം

1960-ലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ചട്ടങ്ങളിലെ ചട്ടം 20(3)(ബി) പ്രകാരം സ്വയം സാക്ഷ്യപ്പെടുത്തി തെളിവ് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നോട്ടീസയച്ചിരുന്നു.

ആരോപണം സത്യമെങ്കില്‍ സത്യവാങ്മൂലം നല്‍കാന്‍ പ്രശ്‌നമെന്ത്? -കമ്മിഷന്‍

തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം സത്യവാങ്മൂലം ഒപ്പിട്ടുനല്‍കുന്നതിന് എന്താണ് പ്രശ്‌നമെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ ചോദിച്ചു.

'തന്റെ നിഗമനങ്ങളും വിലയിരുത്തലുകളും സത്യമെന്ന് കോണ്‍ഗ്രസ് നേതാവ് വിശ്വസിക്കുന്നെങ്കില്‍ കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹം സത്യവാങ്മൂലം സഹിതം പരാതിയും തെളിവുകളും കൈമാറണം. ഇല്ലെങ്കില്‍ തന്റെ നിഗമനങ്ങളെ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നാണര്‍ഥം. അത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം.'

ആരോപണം ബോധ്യപ്പെടണം

'ഇത്തരത്തില്‍ നോട്ടീസയക്കുന്നതില്‍ നിന്ന് എംപിമാരെയോ എംഎല്‍എമാരെയോ ഒഴിവാക്കാന്‍ ചട്ടത്തിലെവിടെയും പറയുന്നില്ല. ആര്‍ക്കെങ്കിലും ഇളവ് നല്‍കിയാല്‍ ധാരാളം പേര്‍ ആരോപണങ്ങളും അവകാശവാദങ്ങളുമായി രംഗത്തെത്തും. മാത്രമല്ല, ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ വേറെയും ആളുകള്‍ ഇളവ് ആവശ്യപ്പെട്ടെത്തും. ഇത് ഏത് വോട്ടര്‍പട്ടികയ്‌ക്കെതിരായ ആരോപണങ്ങള്‍ക്കും ബാധകമാണ്. വിശ്വാസ്യതയുള്ളതാണ് ആരോപണമെന്ന് കമ്മിഷന് ബോധ്യപ്പെടേണ്ടതുണ്ട്.' -ഡോ. എന്‍. ഗോപാലസ്വാമി, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

വ്യവസ്ഥ ഇവിടെ നിര്‍ബന്ധിക്കുന്നത് അപ്രസക്തം

'കരട് വോട്ടര്‍പട്ടികയിന്മേല്‍ 30 ദിവസത്തിനകം ആക്ഷേപങ്ങള്‍ ബോധിപ്പിക്കാനുള്ള പ്രക്രിയക്ക് മാത്രമുള്ള ചട്ടമാണിത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനുശേഷം ഈ ജനുവരിയില്‍ പുതുക്കിയ വോട്ടര്‍പട്ടിക സംസ്ഥാനങ്ങളില്‍ പ്രസിദ്ധീകരിച്ചു. അതിനാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ചട്ടങ്ങളിലെ വ്യവസ്ഥ ഇവിടെ നിര്‍ബന്ധിക്കുന്നത് അപ്രസക്തമാണ്. -പി.ഡി.ടി. ആചാരി, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍