
ന്യൂഡൽഹി: കർണാടകയിലുള്ള ഒരു നിയമസഭാമണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേട് ഉയർത്തിക്കാട്ടി രൂക്ഷവിമർശനമുയർത്തിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് മൂന്നാംദിവസവും മറുപടിനൽകാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. സത്യവാങ്മൂലം സഹിതം തെളിവുകൾനൽകിയാൽ പരിഗണിക്കാമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്മിഷൻ. ഇല്ലെങ്കിൽ മാപ്പുപറയണമെന്ന് കമ്മിഷനും ഭരണഘടന ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ സത്യപ്രതിജ്ഞചെയ്തിട്ടുണ്ടെന്ന നിലപാടുമായി രാഹുൽഗാന്ധിയും ഉറച്ചുനിൽക്കുന്നു.
രാഹുലിന് പിന്തുണയുമായി ഇന്ത്യസഖ്യത്തിലെ കൂടുതൽ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്താശചെയ്യുകവഴി തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്പിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. ഈ വിഷയമുയർത്തി രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്താനാണ് ഇന്ത്യസഖ്യ തീരുമാനം. ഇതിന്റെഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് തിങ്കളാഴ്ച പ്രതിപക്ഷപാർട്ടികളുടെ എംപിമാർ പ്രതിഷേധമാർച്ച് നടത്തും.
ഡിജിറ്റൽ വോട്ടർപട്ടിക കൈമാറാതെയും വീഡിയോ തെളിവുകൾ (സിസിടിവി ദൃശ്യങ്ങൾ) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സർക്കുലറിറക്കിയും കമ്മിഷൻ ബിജെപിക്ക് ഒത്താശചെയ്യുന്നെന്നാണ് രാഹുലിന്റെ ആരോപണം. കമ്മിഷൻ ഇതിനൊന്നും ഉത്തരംനൽകിയിട്ടില്ല. 45 ദിവസത്തിനകം സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കണമെന്ന സർക്കുലർ ഇറക്കിയതിന്റെ കാരണംതേടിയുള്ള വിവരാവകാശ അപേക്ഷയ്ക്ക് കമ്മിഷൻ കൃത്യമായ ഉത്തരംനൽകിയില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ മറുപടിനൽകാനാവില്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി.
നിയമയുദ്ധത്തിന് പോകേണ്ടെന്ന് കോൺഗ്രസ്
വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി ഉയർത്തിയ ആരോപണങ്ങളിൽ നിയമയുദ്ധത്തിന് പുറപ്പെട്ട് സമയംപാഴാക്കേണ്ടെന്ന അഭിപ്രായമാണ് കോൺഗ്രസിന്. പകരം ശക്തമായ രാഷ്ട്രീയപ്രചാരണത്തിലൂടെ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിലും തിരിമറിക്ക് കളമൊരുങ്ങിയിട്ടുണ്ടെന്ന് പൊതുമധ്യത്തിൽ വ്യക്തമാക്കാൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കും.
ബിഹാറിൽ നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത് ബിജെപിക്ക് തിരിച്ചടിയായേക്കും. ബിഹാറിലെ പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്‌ഐആർ) തിരഞ്ഞെടുപ്പ് കമ്മിഷൻ തിടുക്കപ്പെട്ട് നടപടിയെടുത്തെന്ന ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തിന്, സ്വന്തം വാദങ്ങളെ ബലപ്പെടുത്താനുതകുന്ന ആയുധമാണ് രാഹുൽഗാന്ധിയുടെ ആരോപണം. സെപ്റ്റംബർ ഒന്നിന് പട്നയിൽ കോൺഗ്രസും ആർജെഡിയും ചേർന്ന് നടത്തുന്ന റാലിയിലേക്ക് മറ്റ് ഇന്ത്യസഖ്യകക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്.
അടുത്തവർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും അസമിലുമുൾപ്പെടെ എസ്‌ഐആറിലേക്ക് കടക്കാനാണ് കമ്മിഷൻ തീരുമാനം. ബംഗാളിൽ എസ്‌ഐആർ പ്രക്രിയ എന്ത് വിലകൊടുത്തും ചെറുക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് നിലപാട്.
ഇന്ത്യസഖ്യകക്ഷികളുടെ ഐക്യം ഊട്ടിയുറപ്പിക്കാൻ എസ്‌ഐആർ പ്രക്ഷോഭവും രാഹുൽഗാന്ധി ഉയർത്തിയ ആരോപണങ്ങളും സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Content Highlights: Rahul Gandhi Accuses Election Commission of BJP Bias
Published: 10 Aug 2025, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented