ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വഡോദരയിൽ ഒരു പരിപാടിയിൽ സംസാരിക്കവേ രാഹുൽ പ്രധാനമന്ത്രിയുടെ ലോക്‌സഭാ പ്രസംഗത്തെ ചോദ്യം ചെയ്യുകയും യുഎസിനെ കുറിച്ച് പരാമർശിക്കാതിരിക്കുന്നത് പ്രകടമായ ഒഴിവാക്കലാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മോദിയുടെ നിശബ്ദത യാദൃശ്ചികമല്ല, മറിച്ച് ആഴത്തിലുള്ള വിഷയമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

To advertise here,

"പ്രധാനമന്ത്രി 25 മിനിറ്റ് പ്രസംഗിച്ചതായി ഞാൻ കേട്ടു. എന്നാൽ പാർലമെന്റിൽ ഒരു ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്, കാരണം അദ്ദേഹത്തിന് വിധേയത്വമുണ്ട്. യുഎസിനെതിരെ ഒരു വാക്ക് പോലും പറഞ്ഞില്ല. നരേന്ദ്രമോദി 100 ശതമാനം ട്രംപിന്റെ നിയന്ത്രണത്തിലാണ്," രാഹുൽ പറഞ്ഞു. സാമ്പത്തിക തീരുമാനങ്ങളെയും രാഹുൽ വിമർശിച്ചു. യുഎസുമായുള്ള ഇടക്കാല വ്യാപാര ക്രമീകരണങ്ങൾക്ക് ഇന്ത്യൻ കർഷകർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യ സാമ്പത്തിക, സുരക്ഷാ, മാനുഷിക തലങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, പൗരന്മാരെയും പ്രധാന വിതരണശൃംഖലയെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി പാർലമെന്റിൽ സംസാരിക്കവേ, പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പറഞ്ഞിരുന്നു. വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് 'സ്വീകാര്യമല്ല' എന്നും, അസംസ്കൃത എണ്ണ, ഗ്യാസ്, വളം എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും മോദി പറഞ്ഞു.