ന്യൂഡല്‍ഹി: വോട്ട് കവര്‍ച്ചാ വിഷയത്തെ വിടാതെ പിന്തുടരുന്ന രാഹുല്‍ഗാന്ധി വ്യാഴാഴ്ച അടിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷനെയെങ്കിലും അടി കൊണ്ടത് ബിജെപിക്ക്. വോട്ട് കവര്‍ച്ചയില്‍ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങളുടെ കുന്തമുന പരോക്ഷമായി കൊള്ളുന്നത് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളിലാണ്. തന്നെ അവഗണിച്ചുതള്ളാനാകാത്ത വിധത്തില്‍ ആരോപണത്തിന്റെ തിരികുറ്റിയില്‍ ബിജെപിയെ കുരുക്കിയിടാന്‍ വെളിപ്പെടുത്തല്‍ പരമ്പരകളിലൂടെ കഴിഞ്ഞുവെന്നത് രാഹുലിന് നേട്ടമാണ്. പ്രതിപക്ഷനിരയ്ക്കും ഇതിന്റെ നേട്ടംപങ്കിടാം.

To advertise here,

വോട്ട് കവര്‍ച്ച ബിജെപിക്കെതിരായ വലിയ രാഷ്ടീയ ആരോപണമാക്കി മാറ്റിക്കഴിഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയിലെ ജനപങ്കാളിത്തം കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരേ രാജ്യവ്യാപക പ്രക്ഷോഭമുഖം തുറക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അതിന്റെ ഭാഗമാണ് വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ കടന്നാക്രമണം. ആര്‍ക്കൊക്കെ നേരേയാണ് രാഹുല്‍ വിരല്‍ ചൂണ്ടുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.

പ്രധാനമന്ത്രിയുടെയും എന്‍ഡിഎ സര്‍ക്കാരിന്റെയും ജനാധിപത്യ സാധുതയെയാണ് രാഹുല്‍ ലക്ഷ്യംവെക്കുന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകളിലൂടെയാണ് ബിജെപി പല വിജയങ്ങളും സ്വന്തമാക്കുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ടീയ ധാര്‍മികതയുടെ വിഷയത്തില്‍ സംശയമുനയിലാക്കുകയെന്ന രാഷ്ടീയതന്ത്രമാണ് രാഹുലിന്റേത്.

രാഹുലിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ബിജെപി ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ആരോപണത്തിനു മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയാണെന്നും കമ്മിഷനില്‍ സത്യവാങ്മൂലം നല്‍കാതെ വ്യാജ ആരോപണങ്ങളുന്നയിക്കുകയും പിന്നീട് ഓടിയൊളിക്കുകയും ചെയ്യുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.

ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിനാണ് രാഹുല്‍ മുന്‍ഗണന നല്‍കുന്നതെന്ന ആരോപണമാണ് തിരിച്ചടിയായി ബിജെപി ഉന്നയിക്കുന്നത്. രാഹുലിന്റെ ആരോപണത്തിന് മറുപടി പറയാന്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറും ഇതേ കാര്യം ആവര്‍ത്തിച്ചു. വോട്ട് കവര്‍ച്ച ആരോപണം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. വോട്ട് കവര്‍ച്ച വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ ആരോപണ പ്രത്യാരോപണങ്ങളുടെ മൂര്‍ച്ചയുടെ ആദ്യ അളവുകോലായേക്കും.

രജുര മണ്ഡലം കോണ്‍ഗ്രസിന്റെ പഴയ ശക്തികേന്ദ്രം

മുംബൈ: നിയമസഭാതിരഞ്ഞെടുപ്പിനുമുന്‍പ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയതായി രാഹുല്‍ഗാന്ധി ആരോപിച്ച മഹാരാഷ്ട്രയിലെ രജുര മണ്ഡലം കോണ്‍ഗ്രസിന്റെ പഴയ ശക്തികേന്ദ്രം. വിദര്‍ഭമേഖലയിലെ ചന്ദ്രപുര്‍ ജില്ലയിലാണ് രജുര. ഇവിടെ 6850 വോട്ടര്‍മാരെ വ്യാജമായി ഓണ്‍ലൈന്‍വഴി കൂട്ടിച്ചേര്‍ത്തതായാണ് ആരോപണം.

1962-ലാണ് രജുര മണ്ഡലം നിലവില്‍വന്നത്. തുടര്‍ന്നുനടന്ന 13 തിരഞ്ഞെടുപ്പുകളില്‍ ഏഴുതവണ കോണ്‍ഗ്രസ് വിജയിച്ചു. ചന്ദ്രപുര്‍ ലോക്സഭാമണ്ഡലത്തിലാണ് രജുര ഉള്‍പ്പെടുന്നത്. ബിജെപി നയിക്കുന്ന മഹായുതിസഖ്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം തിരിച്ചടി നേരിട്ടപ്പോള്‍ ചന്ദ്രപുരില്‍ പാര്‍ട്ടി 2.6 ലക്ഷം വോട്ടിന് പരാജയപ്പെട്ടു. രജുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രതിഭാ ധനോര്‍ക്കര്‍ മുന്‍മന്ത്രി സുധീര്‍ മുന്‍ഗന്തിവാറിനെക്കാള്‍ 58,349 വോട്ടിന് മുന്നിലായിരുന്നു. ആറ് നിയമസഭാമണ്ഡലങ്ങളിലും അന്ന് കോണ്‍ഗ്രസിനായിരുന്നു ലീഡ്.

എന്നാല്‍, മാസങ്ങള്‍ക്കുശേഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ചിത്രം ആകെ മാറി. ബിജെപിയുടെ വിതോബഭോംഗ്ലെ കോണ്‍ഗ്രസിന്റെ എംഎല്‍എയായിരുന്ന സുഭാഷ് ധോട്ടെയെ 3054 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ലോക്സഭാതിരഞ്ഞെടുപ്പിലെ വന്‍പരാജയത്തിനുശേഷം വ്യാപകമായി വോട്ട് കൃത്രിമം നടത്തിയാണ് ബിജെപി ഇവിടെ ജയിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള ആറുമാസകാലയളവില്‍ രജുര മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 55,000 വര്‍ധിച്ചിരുന്നു. 2024 ഒക്ടോബര്‍ ഒന്നിനും 15-നും ഇടയില്‍ 11,667 വോട്ടര്‍മാര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്തത് വിവാദമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഭാഷ് ധോട്ടെ പരാതിനല്‍കിയതിനെത്തുടര്‍ന്ന് 6853 പേരുകള്‍ നീക്കി. ഈ സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്‌തെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

വ്യാജ രജിസ്ട്രേഷനുകള്‍ക്കായി ഉപയോഗിച്ച ഐപി വിലാസങ്ങള്‍, ഇ-മെയില്‍ ഐഡികള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോണ്ടെ പറയുന്നു. പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 'ബിനാമി പേരുകള്‍ക്ക്' തെലങ്കാനയിലും ഉത്തര്‍പ്രദേശിലും വിലാസങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.