ന്യൂഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വാദവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ അരുണ്‍ ജെയ്റ്റ്ലി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തില്‍ എങ്ങനെയാണ് അദ്ദേഹം രാഹുലിനെ ഭീഷണിപ്പെടുത്തിയതെന്ന് ചോദിച്ച് ജെയ്റ്റ്ലിയുടെ മകന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.
2020-ജൂണില്‍ സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ ഓര്‍ഡിനന്‍സുകളായി അവതരിപ്പിക്കുകയും പിന്നീട് 2020 സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു. 2019 ഓഗസ്റ്റിലാണ് ജെയ്റ്റ്ലി മരിക്കുന്നത്. 2021ല്‍ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ 2017-ല്‍ മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തില്‍ ജയ്റ്റിലി രാഹുലിനെ സന്ദര്‍ശിച്ചിരുന്നുവെന്നും അതാണ് അദ്ദേഹം പറഞ്ഞതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിച്ചു.
രാജ്യതലസ്ഥാനത്ത് നടന്ന വാര്‍ഷിക ലീഗല്‍ കോണ്‍ക്ലേവിലാണ് രാഹുല്‍ ജെയ്റ്റ്ലി ഭീഷണിപ്പെടുത്തിയെന്ന പരാമര്‍ശം നടത്തിയത്.
'കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടിയപ്പോള്‍ എനിക്കോര്‍മ്മയുണ്ട്, എന്നെ ഭീഷണിപ്പെടുത്താന്‍ അരുണ്‍ ജെയ്റ്റ്ലിജിയെ എന്റെ അടുത്തേക്ക് അയച്ചു. നിങ്ങള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നത് തുടരുകയും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്താല്‍, ഞങ്ങള്‍ക്ക് നിങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരും- എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ നോക്കി പറഞ്ഞു, 'നിങ്ങളാരോടാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഒരു ധാരണയുമില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു' രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ജെയ്റ്റ്ലിയുടെ മകന്‍ രോഹന്‍ ജയ്റ്റിലി രംഗത്തെത്തി. 2020-ലാണ് കാര്‍ഷിക നിയമങ്ങള്‍ പാസായതെന്ന് രാഹുലിനെ ഓര്‍മിപ്പിച്ച രോഹന്‍ ജെയ്റ്റ്ലി ആരെയും ഭീഷണിപ്പെടുത്തുന്നത് തന്റെ പിതാവിന്റെ സ്വഭാവമായിരുന്നില്ല. അദ്ദേഹം ഒരു ഉറച്ച ജനാധിപത്യവാദിയായിരുന്നുവെന്നും പറഞ്ഞു.
'എന്റെ പരേതനായ പിതാവ് അരുണ്‍ ജെയ്റ്റ്ലി, കാര്‍ഷിക നിയമങ്ങളെച്ചൊല്ലി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി എന്ന് രാഹുല്‍ ഗാന്ധി ഇപ്പോള്‍ അവകാശപ്പെടുന്നു. ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കട്ടെ, എന്റെ പിതാവ് 2019-ല്‍ അന്തരിച്ചു. കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് 2020-ലാണ്. അതിനേക്കാള്‍ പ്രധാനമായി, എതിരഭിപ്രായത്തിന്റെ പേരില്‍ ആരെയും ഭീഷണിപ്പെടുത്തുന്നത് എന്റെ പിതാവിന്റെ സ്വഭാവമായിരുന്നില്ല. അദ്ദേഹം ഒരു ഉറച്ച ജനാധിപത്യവാദിയായിരുന്നു, സമവായം കെട്ടിപ്പടുക്കുന്നതിലാണ് എപ്പോഴും വിശ്വസിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ പലപ്പോഴും സംഭവിക്കുന്നതുപോലെ, അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍, എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരാന്‍ അദ്ദേഹം സ്വതന്ത്രവും തുറന്നതുമായ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുമായിരുന്നു. അതായിരുന്നു അദ്ദേഹം, അതുതന്നെയാണ് ഇന്നും അദ്ദേഹത്തിന്റെ പൈതൃകവും.
നമ്മോടൊപ്പം ഇല്ലാത്തവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ശ്രദ്ധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മനോഹര്‍ പരീക്കര്‍ ജിയുടെ കാര്യത്തിലും ഇതിന് സമാനമായ ഒരു ശ്രമം അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളെ രാഷ്ട്രീയവല്‍ക്കരിച്ചത് അത്രതന്നെ നിലവാരം കുറഞ്ഞ ഒന്നായിരുന്നു. മരിച്ചവര്‍ സമാധാനമായി വിശ്രമിക്കട്ടെ' രോഹന്‍ ജെയ്റ്റിലി എക്‌സില്‍ കുറിച്ചു.
Content Highlights: Rahul Gandhi alleges Arun Jaitley threatened him over farm laws, Jaitley`s son refutes claim
Published: 02 Aug 2025, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented