പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുനേരേ രൂക്ഷ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് റാബ്രി ദേവി. നിതീഷ് ‘ഭാംഗ്’ (കഞ്ചാവ്) കഴിച്ചാണ് നിയമസഭയിൽ വരുന്നതെന്നും അതുകൊണ്ടാണ് സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നതെന്നും അവർ ആരോപിച്ചു.

To advertise here,

വനിതകളോട് മുഖ്യമന്ത്രി അനാദരവുകാട്ടിയെന്നാരോപിച്ച് റാബ്രി ദേവിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. സ്ത്രീകളെ അപമാനിക്കുന്നത് നിതീഷ്‌കുമാർ ഉപേക്ഷിക്കുന്നതുവരെ സഭ ബഹിഷ്കരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

റാബ്രി ദേവിയോട്‌ നെറ്റിയിൽ പൊട്ടിടുന്നത് എന്തിനാണെന്നുചോദിച്ച്‌ സഭയിൽ ആംഗ്യംകാട്ടി ആക്ഷേപിച്ചെന്നാണ് ആരോപണം. ബിഹാറിന്‌ വികസനമുണ്ടായത്‌ 2005-നു ശേഷമാണെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അവകാശവാദത്തെ എതിർത്ത്‌ റാബ്രി ദേവി പ്രസംഗിക്കവേയാണ്‌ നിതീഷുമായി വാക്കേറ്റവും വിവാദപരാമർശങ്ങളുമുണ്ടായത്.

റാബ്രി ദേവിയെ അപമാനിച്ച നിതീഷ് രാജിവെച്ച് ഏതെങ്കിലും ആശ്രമത്തിലേക്കുപോകണമെന്ന്‌ നിയമസഭാ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.