ന്യൂഡല്‍ഹി:  ജമ്മു കശ്മീരിലെ ഗഡികലില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ സൈന്യം കണ്ടെടുത്തു. ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. യഥാസമയം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി നശിപ്പിച്ചതിനാല്‍ പുല്‍വാമ ആക്രമണത്തിന് സമാനമായ വലിയ ദുരന്തമാണ് ഒഴിവായതെന്ന് സൈന്യം അറിയിച്ചു. 

To advertise here,

വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയത്. ഒരു തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ട സിന്തറ്റിക് ടാങ്ക് സംശയത്തെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 416 പാക്കറ്റ് സ്‌ഫോടകവസ്തുക്കളാണ് ഇതിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമാനമായ മറ്റൊരു ടാങ്കില്‍ 50 ഡിറ്റണേറ്ററുകളും കണ്ടെത്തി. സൂപ്പര്‍ 50 എന്നു വിശേഷിപ്പിക്കുന്ന സ്‌ഫോടവസ്തുക്കളാണ് ഇവയെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. 

പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം. 

2019 ഫെബ്രുവരിയിലാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം വന്നിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. 35 കി.ഗ്രാം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ പാകിസ്താൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മൊഹമ്മദ് ഭീകരസംഘത്തിലെ മസൂദ് അസ്ഹറും സഹോദരന്‍ റൗഫ് അസ്ഗറുമാണ് സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരന്മാര്‍ എന്ന് കണ്ടെത്തിയിരുന്നു.