ന്യൂഡല്‍ഹി: ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പൊറുതിമുട്ടുന്ന അയല്‍രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. അയല്‍രാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനം. 

To advertise here,

സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാന്‍ കോടതികള്‍ക്ക് കഴിയുമോ എന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റെഫറന്‍സ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ പരാമര്‍ശം നടത്തിയത്. വാദം കേള്‍ക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നേപ്പാളിലെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. 

'നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നു. അയല്‍രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.' ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ബംഗ്ലാദേശിലും നേപ്പാളിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.' ഗവായിയെ പിന്താങ്ങി ജസ്റ്റിസ് വിക്രം നാഥ് കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയെ സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച   രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയ, നേപ്പാളില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ച് കോടതി സംസാരിച്ചു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കിയ ബംഗ്ലാദേശിലെ കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. തുടര്‍ന്ന്, കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ 1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ചു. 

'ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍, പാര്‍ട്ടി തോറ്റുവെന്ന് മാത്രമല്ല, അവര്‍ക്ക് സീറ്റ് തന്നെ നഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പാഠം ജനങ്ങള്‍ പഠിപ്പിച്ചു. പിന്നീട് വന്ന സര്‍ക്കാരിന് ജനങ്ങളെ ഭരിക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ അതേ ജനങ്ങള്‍ അവരെ തിരികെ കൊണ്ടുവന്നു.' തുഷാര്‍ മേത്ത പറഞ്ഞു. 'അതും വന്‍ ഭൂരിപക്ഷത്തോടെ.' ഗവായ് കൂട്ടിച്ചേര്‍ത്തു. 'അതെ, ഇതാണ് ഭരണഘടനയുടെ ശക്തി. ഇത് ഒരു രാഷ്ട്രീയ വാദമല്ല.' തുഷാര്‍ മേത്ത പിന്താങ്ങി. 

അതേസമയം, ജെൻ സീ പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസം നേപ്പാളിലെ സ്ഥിതി കൂടുതല്‍ വഷളായി. പ്രതിഷേധങ്ങളുടെ മറവില്‍ ഉണ്ടാകാനിടയുള്ള അക്രമങ്ങള്‍ തടയുന്നതിനായി സൈന്യം രാജ്യവ്യാപകമായി നിയന്ത്രണ ഉത്തരവുകളും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തുടനീളം തീവെപ്പും നശീകരണ പ്രവര്‍ത്തനങ്ങളും നടന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മുതല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.  സെപ്റ്റംബര്‍ 11 വരെ കര്‍ഫ്യൂ തുടരുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.