ഗുവാഹത്തി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പുരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയുടെ വീടിന് തീയിട്ടു. തൂബാൽ ജില്ലയിലെ ലിലോങ്ങിൽ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

To advertise here,

വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വൻ പ്രതിഷേധമാണ് ഞായറാഴ്ച അരങ്ങേറിയത്. അയ്യായിരത്തോളംവരുന്ന പ്രതിഷേധക്കാർ ലിലോങ്ങിലെ ദേശീയ പാത 102 പ്രദേശത്ത് തടിച്ചുകൂടി. ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതിനെ മറികടന്നാണ് പ്രതിഷേധക്കാരെത്തിയത്. 

പ്രതിഷേധം കണക്കിലെടുത്ത് ഞായറാഴ്ച രാവിലെ മുതൽ സംസ്ഥാനത്തെ വിവിധ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കടുത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. പ്രതിഷേധത്തിനിടെയാണ് ബിജെപി നേതാവിന്റെ വീടിന് തീയിട്ടതെന്നാണ് ലഭിക്കുന്ന വിവരം. 

ശനിയാഴ്ച സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അസ്കർ അലി വഖഫ് ഭേദഗതിയെ അനുകൂലിച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ തോപാൽ ജില്ലയിലെ ലിലോങ്ങിലുള്ള അസ്കർ അലിയുടെ വീടിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ വീടിന് തീയിട്ടതിന് തൊട്ടുപിന്നാലെ വഖഫ് നിയമഭേദഗതിയിൽ മുൻനിലപാട് മാറ്റിക്കൊണ്ടുള്ള കുറിപ്പ് അസ്കർ അലി ഫേസ്ബുക്കിൽ പങ്കുവെച്ചു.