ന്യൂഡല്‍ഹി: അംബേദ്കര്‍ പരാമര്‍ശത്തില്‍ അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കൈയാങ്കളിയിലേക്ക് നീങ്ങിയ സാഹചര്യത്തെക്കുറിച്ച് തുറന്നടിച്ച് കോണ്‍ഗ്രസ് എം.പി. പ്രിയങ്ക ഗാന്ധി. തന്റെ സഹോദരന്‍ ആരെയും തള്ളിയിട്ടിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകരാണ് പ്രതിപക്ഷ നേതാക്കളെ ആക്രമിച്ചതെന്നും പ്രിയങ്ക പറഞ്ഞു. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ബിജെപി നേതാക്കളെ 'ജയ് ഭീം' എന്ന മുദ്രാവാക്യം വിളിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

To advertise here,

വ്യാഴാഴ്ച (19.12.2024) രാവിലെ പാര്‍ലമെന്റ് വളപ്പില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബിജെപി എം.പി.മാര്‍ക്ക് പരിക്കേറ്റിരുന്നു. രാഹുല്‍ ഗാന്ധിയാണ് ഇരുവരെയും തള്ളിയിട്ടത് എന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെയാണ് ശക്തമായ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. 'മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നതല്ലേ, നിങ്ങള്‍ കണ്ടതല്ലേ എന്താണ് സംഭവിച്ചതെന്ന്. എന്റെ സഹോദരന്‍ ആരെയെങ്കിലും തള്ളിയിടുന്നത് നിങ്ങള്‍ കണ്ടോ?,' പ്രിയങ്ക ചോദിച്ചു.

'കഴിഞ്ഞ രണ്ടുദിവസമായി സമാധാനപരമായ പ്രതിഷേധം നടത്തിവരികയാണ് പ്രതിപക്ഷം. അംബേദ്കറുടെ ചിത്രങ്ങളുമായി എത്തി, 'ജയ് ഭീം' പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ ഇവിടെയെത്തുന്നത്. ഇന്ന് അതെങ്ങനെ അക്രമാസക്തമായി? കാരണം ഒന്നേ ഉള്ളൂ, ഈ പ്രതിഷേധം തുടര്‍ന്നാല്‍ അമിത് ഷായ്ക്ക് പല കാര്യങ്ങളിലും ഉത്തരം പറയേണ്ടിവരും. അദ്ദേഹത്തെ രക്ഷിക്കാനായാണ് ബിജെപി ഞങ്ങളുടെ പ്രതിഷേധം അക്രമത്തിലൂടെ അട്ടിമറിച്ചത്,' പ്രിയങ്ക ആരോപിച്ചു.

'ബിജെപി നേതാക്കള്‍ ഖാര്‍ഗെയെ തള്ളിയിട്ടു. അദ്ദേഹത്തിന്റെ മുകളിലേക്ക് മറ്റൊരു സിപിഎം എം.പി.യേയും തള്ളിയിട്ടു. അവര്‍ക്ക് രണ്ടുപേരുടെയും എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടാവാം എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവര്‍ ആരോപിച്ചത് രാഹുല്‍ ഗാന്ധി അവരെ ആക്രമിച്ചു എന്നാണ്. എന്റെ സഹോദരന്‍ എന്റെ കണ്‍മുന്നില്‍ ഉണ്ടായിരുന്നു. അദ്ദേഹം ആരെയും ആക്രമിച്ചിട്ടില്ല. ഞങ്ങളുടെ പ്രതിഷേധം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്, പ്രിയങ്ക വ്യക്തമാക്കി.

'അംബേദ്കറെ അമിത് ഷാ അപമാനിച്ചു, പ്രതിപക്ഷം അതിനെ ചോദ്യംചെയ്തു, അതിനെതിരെ പ്രതിഷേധിച്ചു. പ്രതിഷേധത്തെ അടിച്ചമര്‍ത്താനും അമിത് ഷായെ രക്ഷിക്കാനുമാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതാണ് എല്ലാക്കാലവും ബിജെപി ചെയ്തിട്ടുള്ളത്. ഇനിയെങ്കിലും ബിജെപിയുടെ തനിനിറം ജനങ്ങള്‍ മനസിലാക്കണം. ഇനി, ഞാന്‍ പറയുന്നതൊക്കെ തെറ്റാണെങ്കില്‍.. ബിജെപി നേതാക്കളെ 'ജയ് ഭീം' എന്ന മുദ്രാവാക്യം വിളിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്,' പ്രിയങ്ക പറഞ്ഞു.