ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസംഗ വീഡിയോ ക്ലിപ്പുകള്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ചില പാര്‍ട്ടി നേതാക്കള്‍ക്കും സാമൂഹിക മാധ്യമമായ എക്‌സ് നോട്ടീസ് അയച്ചു. പോസ്റ്റുകള്‍ നീക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.  രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സ് അയച്ച നോട്ടീസിലുണ്ട്. 

To advertise here,

ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററാണ് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് എക്‌സിന് നോട്ടീസ് അയച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ എക്‌സോ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററോ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടുത്ത വിശ്വാസം പുലര്‍ത്തുന്നതായും നോട്ടീസില്‍ എക്‌സ് പരാമര്‍ശിക്കുന്നു.

ബി.ആര്‍. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചൊവ്വാഴ്ച രാജ്യസഭയില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. 'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍... എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു' പ്രതിപക്ഷ ബഹളത്തിനിടെ ചൊവ്വാഴ്ച അമിത് ഷാ പറയുകയുണ്ടായി. ഇതാണ് വിവാദത്തിന് വഴിവെച്ചത്.