ഷിംല: രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള കോണ്‍ഗ്രസിന് സുസ്ഥിരമായ ഭരണം ഉറപ്പുനൽകാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ പ്രദേശിൽ ബിജെപിയുടെ നിയമസഭാതിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

To advertise here,

'രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം അവശേഷിക്കുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര കലഹങ്ങളുടെ കാര്യത്തിലൊഴികെ വികസനത്തിന്റെ പേരിൽ കോണ്‍ഗ്രസ് വാർത്തകളില്‍ ഇടംപിടിക്കാറില്ല', പ്രധാനമന്ത്രി പരിഹസിച്ചു. 

'അസ്ഥിരതയുടേയും അഴിമതിയുടേയും ഉറപ്പാണ് കോണ്‍ഗ്രസ്. ഹിമാചലിന് സ്ഥിരതയുള്ള ഒരു സർക്കാരിനെ നല്‍കാന്‍ കോൺ​ഗ്രസിന് സാധിക്കില്ല. കോൺ​ഗ്രസ്  ഭരണത്തിലിരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പുരോ​ഗതിയുടെ ഒരു വാര്‍ത്തയും ഇതുവരെ പുറത്തുവന്നിട്ടില്ല', മോദി പറഞ്ഞു.

ഹിമാചല്‍ പ്രദേശിന് വേണ്ടത് സ്ഥിരതയുള്ളതും ശക്തവും വെല്ലുവിളികളെ അതിജീവിക്കുന്നതുമായ ഒരു സര്‍ക്കാരാണെന്നും ബിജെപി ഭരണത്തിലെത്തിയാൽ ഡബിൾ എൻജിൻ സർക്കാരിന്റെ ​ഗുണഫലങ്ങൾ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും അത് ഹിമാചലിനെ വികസനത്തിന്റെ പുതിയതലങ്ങളിലേക്കെത്തിക്കുമെന്നും മോദി പ്രസ്താവിച്ചു. 

ഈയാഴ്ച ബിജെപിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. നിലവിൽ ബിജെപി അധികാരത്തിലുള്ള ഹിമാചലിൽ നവംബർ പന്ത്രണ്ടിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.