കാലങ്ങളായി ബി.ജെ.പിയുടെ ശക്തമായ സ്വാധീനമേഖലയായാണ് ബാങ്കിപുർ.

പട്‌ന: ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാറിലെ ബി.ജെ.പി കോട്ടയായി അറിയപ്പെടുന്ന ബാങ്കിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രശാന്ത് കിഷോർ ജനവിധി തേടും. ജൂലൈ 30-നാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ജൻ സുരാജ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് തീരുമാനം.
ബിഹാറിലെ നിലവിലെ ഭരണകൂടത്തോടുള്ള ജനവികാരത്തിന്റെ അളവുകോലായി ഈ ഉപതിരഞ്ഞെടുപ്പ് മാറുമെന്നാണ് ബി.ജെ.പി. ഇതര പാർട്ടികൾ പ്രതീക്ഷിക്കുന്നത്. അത് ലക്ഷ്യമിട്ടാണ് പ്രശാന്ത് കിഷോർ സ്ഥാനാർത്ഥിയാകുന്നത്. മികച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള മാറ്റം ബി.ജെ.പി, ആർ.ജെ.ഡി എന്നിവർക്ക് പുതിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ബി.ജെ.പിയുടെ കരുത്തുറ്റ മണ്ഡലമായ ബാങ്കിപുരിലെ പ്രശാന്തിന്റെ മത്സരം ബിഹാറിലെ യുവവോട്ടർമാരെയും ഭരണമാറ്റം ആഗ്രഹിക്കുന്നവരേയും സ്വാധീനിക്കാനിടയുണ്ടെന്ന വിലയിരുത്തലുകളുണ്ട്.
കാലങ്ങളായി ബി.ജെ.പിയുടെ ശക്തമായ സ്വാധീനമേഖലയായാണ് ബാങ്കിപുർ. പട്‌നയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിൽ ബി.ജെ.പിക്ക് വലിയ രീതിയിൽ വോട്ടർമാരുടെ പിന്തുണയും ശക്തമായ സംഘടനാ സംവിധാനവുമുണ്ട്. ദീർഘകാലം ബി.ജെ.പി. നേതാവ് നിതിൻ നവിൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ബി.ജെ.പി. ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൻ.ഡി.എ. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഹിതപരിശോധനയായാണ് ഈ ഉപതിരഞ്ഞെടുപ്പിനെ പ്രശാന്ത് കിഷോർ വിശേഷിപ്പിക്കുന്നത്.
2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാനത്തൊട്ടാകെ 3 ശതമാനത്തിലധികം വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാനത്തെ ആകെയുള്ള 243 സീറ്റുകളിൽ 238 സീറ്റുകളിലും പാർട്ടി മത്സരിച്ചിരുന്നു. എങ്കിലും ഒരു മണ്ഡലത്തിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. അതിനാൽ പാർട്ടിക്ക് തങ്ങളുടെ രാഷ്ട്രീയ പ്രസക്തി തെളിയിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. അതിനാണ് പ്രശാന്ത് കിഷോറിനെ പാർട്ടി മുന്നോട്ടുവെക്കുന്നതും. കോൺഗ്രസിനും ആർ.ജെ.ഡിക്കും വലിയ തിരിച്ചടി നൽകിക്കൊണ്ട് ബിജെപി നിലനിർത്തുന്ന ബാങ്കിപുരിൽ ജൻ സുരാജിന് മാത്രമേ ഇനി മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നാണ് പാർട്ടിയുടെ അവകാശവാദം.
Content Highlights: Prashant Kishor makes his electoral debut representing Jan Suraaj Party., Bankipur by-election scheduled for July 30., Strategic move to challenge BJP stronghold in Patna., Test of Jan Suraaj's political relevance following 2025 assembly results., Referendum on the NDA government's first-year performance.
Published: 05 Jul 2026, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented